Top

'പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയത് മുന്‍ സിമിക്കാര്‍, അവര്‍ക്ക് അല്‍ഖ്വെയ്ദ ബന്ധം'; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ യുപി സര്‍ക്കാര്‍ എതിര്‍ത്തതിങ്ങനെ

പൊലീസിനെ കബളിപ്പിക്കുന്ന സൂത്രധാരനാണ് കാപ്പന്‍ എന്ന് യുപി സർക്കാർ കോടതിയില്‍

7 Sep 2022 1:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയത് മുന്‍ സിമിക്കാര്‍, അവര്‍ക്ക് അല്‍ഖ്വെയ്ദ ബന്ധം; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ യുപി സര്‍ക്കാര്‍ എതിര്‍ത്തതിങ്ങനെ
X

ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, അല്‍ഖൈ്വദ സംഘടനകളെക്കുറിച്ച് പരാമര്‍ശം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം സൂക്ഷിക്കുന്ന കാപ്പന് പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ കോടതി മുമ്പാകെ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട്/ ക്യാംപസ് ഫ്രണ്ട് അടിസ്ഥാനപരമായി മുന്‍ സിമി അംഗങ്ങള്‍ രൂപീകരിച്ചതാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടി. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തുര്‍ക്കിയിലെ ഐഎച്ച്എച്ച് (ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്‍) പോലുള്ള സംഘടനകളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് എതിര്‍സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്രധാനമായും ഏഴ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാപ്പന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തത്. '2009 ല്‍ സൗദി അറേബ്യയില്‍ 'ഗള്‍ഫ് തേജസി'ല്‍ ജോലി ചെയ്ത വിവരം കാപ്പന്‍ മറച്ചുവെച്ചു, പിന്നീട് ബയോഡാറ്റ പരിശോധനയിലാണ് പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമാണ് തേജസ്. മതപരമായ ഭിന്നത സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ 2018 ല്‍ പത്രം അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. കേരള ഹൈക്കോടതി നിയോഗിച്ച സ്വതന്ത്ര കമ്മിറ്റിയുടേത് അടക്കം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി'യെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഒസാമ ബിന്‍ ലാദനെ 'രക്തസാക്ഷി' എന്ന് വിശേഷിപ്പിച്ച തേജസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് 'സിദ്ദിഖ് കാപ്പന് ഒരു ദശാബ്ദത്തിലേറെയായി പത്രവുമായി അടുത്ത ബന്ധമുണ്ട്' എന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചു.

ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് ഹാത്രസില്‍ പോയതെന്നാണ് കാപ്പന്റെ അവകാശവാദം. എന്നാല്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ വിവിധ കലാപ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ക്യാംപസ് ഫ്രണ്ട് നേതാക്കളാണെന്ന് എതിര്‍സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടികാട്ടി. ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതിക് റഹ്മാന്‍ മുസഫര്‍ നഗര്‍ കലാപ കേസിലെ പ്രതിയാണ്. ക്യാമ്പസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി മസൂദ് അഹമ്മദ് ബഹ്റൈച്ച് കലാപകേസിലും നാല് പേരും സഞ്ചരിച്ചിരുന്ന ക്യാബിന്റെ ഡ്രൈവറായ ആലം 2020ലെ ഡല്‍ഹി കലാപക്കേസില്‍ പ്രതിയായ ഒരാളുടെ സഹോദരനുമാണ്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി പോകുന്നൊരാള്‍ എന്തിനാണ് കലാപകേസ് പ്രതികള്‍ക്കൊപ്പം യാത്ര ചെയ്തതെന്നും അതിന് എന്ത് ന്യായീകരണമാണ് നല്‍കാനുള്ളതെന്നും സര്‍ക്കാര്‍ ചോദിച്ചു. പ്രസ് ക്ലബ്ബിന്റെ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമല്ല, 2018 ല്‍ നിരോധിച്ച തേജസ് ദിന പത്രത്തിന്റെ കാര്‍ഡും കാപ്പന്‍ കൈവശം വെച്ചിരുന്നു. ഇതിന് പുറമേ അദ്ദേഹം സ്വതന്ത്രമായി ജോലി ചെയ്തുപോരുന്ന 'അഴിമുഖം' എന്ന പ്രസിദ്ധീകരണം ഹാഥ്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കാപ്പനെ നിയോഗിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തനം കാപ്പന്‍ 'മറയാക്കുക'യാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.

'ക്യാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫ് ഹാത്രസിലേക്ക് അയച്ച പ്രതിനിധി സംഘത്തിലെ അംഗമാണ് സിദ്ധിഖ് കാപ്പന്‍. കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് സംഘടനകളുടെ ധനസമാഹരണക്കാരനും സാമ്പത്തിക ഇടപാട് കൈകാര്യം ചെയ്യുന്നയാളുമാണ് റൗഫ് ഷെരീഫ്. അദ്ദേഹമാണ് സംഘത്തിന് ഹാത്രാസിലേക്കുള്ള മുഴുവന്‍ ചെലവ് നല്‍കിയതെന്നും' സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സിദ്ദിഖും റൗഫും അടുത്ത ബന്ധം വെച്ചുപുലര്‍ത്തുന്നവരാണ്. രാജ്യത്ത് മതപരമായ ഭിന്നത വളര്‍ത്തുന്നതിനും ഭീകരത പടര്‍ത്തുന്നതിനുമുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. സിദ്ധിഖ് സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് മൂന്ന് സെറ്റ് 17 പേജുള്ള ലഘുലേഖകള്‍ കണ്ടെത്തി. എങ്ങനെ കലാപം നടത്തണം, അതിനുള്ള ഇടങ്ങള്‍ എങ്ങനെ തിരിച്ചറിയണം തുടങ്ങി കലാപത്തെക്കുറിച്ച് പഠിക്കുന്ന 'റയട്ട് 101' എന്ന ലഘുപുസ്തകമാണ് ഇതെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഹാത്രസ് യാത്രയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ അക്കൗണ്ടില്‍ എത്തിയ 45,000 രൂപയെക്കുറിച്ച് സിദ്ദിഖ് തെറ്റായ വിവരങ്ങളാണ് പൊലീസിന് നല്‍കിയതെന്നും സര്‍ക്കാര്‍ പറഞ്ഞു. 25,000 രൂപ തന്റെ വീട്ടുചെലവിനാണെന്നും 20,000 രൂപ സുഹൃത്തില്‍ നിന്ന് നല്‍കിയതാണെന്നുമായിരുന്നു സിദ്ദിഖ് അവകാശപ്പെട്ടത്. പിന്നീട് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഇത് തേജസില്‍ നിന്നും ലഭിച്ച ശമ്പളമാണെന്നാണ് കാപ്പന്‍ കാണിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി കെ പി കമാലുമായി സംസാരിച്ച സിദ്ദിഖ് കാപ്പന്‍ ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും പൊലീസ് ആരോപിക്കുന്നു. ഒരു 'രഹസ്യ ശില്‍പശാല'യെക്കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്നും ഇതിന് പിന്നാലെയാണ് ഇയാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇത് കേവലം ഒരു വിക്കിപീഡിയ ശില്‍പശാല മാത്രമാണെന്ന് സിദ്ദിഖ് പറഞ്ഞു. വിക്കിപീഡിയ വര്‍ക്ക്ഷോപ്പ് പോലെ നിരുപദ്രവകരമായ എന്തെങ്കിലും ആണെങ്കില്‍ വോയ്സ് ക്ലിപ്പ് ഇല്ലാതാക്കാന്‍ എന്തുകൊണ്ടാണ് കാപ്പന്‍ സന്ദേശം അയച്ചയാളോട് ആവശ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ മറുചോദ്യം ചോദിച്ചു.

കാപ്പനൊപ്പമുള്ള എല്ലാ കൂട്ടുപ്രതികളും കുപ്രസിദ്ധ കുറ്റവാളികളാണ്. അവര്‍ക്കെതിരെ കലാപ കേസില്‍ അന്വേഷണം നിലനില്‍ക്കുന്നുണ്ട്. പൊലീസിനെ കബളിപ്പിക്കുന്ന സൂത്രധാരനാണ് കാപ്പന്‍ എന്നും അതിനാല്‍ തെളിവുകളില്‍ കൃത്രിമം കാട്ടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Story Highlights: Siddique Kappan has deep link with pfi said UP govt

Next Story