സുഷമ സ്വരാജിനെതിരായ പരാമര്‍ശം: മൈക്ക് പോംപിയോ അന്തസില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്ന് എസ് ജയശങ്കര്‍
സുഷമാ സ്വരാജിനെ ഗൗരവമര്‍ഹിക്കുന്ന രാഷ്ട്രീയക്കാരിയായി താനൊരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു പോംപിയോയുടെ പരാമര്‍ശം
26 Jan 2023 6:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: സുഷമ സ്വരാജിനെതിരായ പരാമര്‍ശത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അന്തരിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെ മുന്‍ യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പരാമര്‍ശത്തെയാണ് എസ് ജയശങ്കര്‍ അപലപിച്ചത്. സുഷമാ സ്വരാജിനെ ഗൗരവമര്‍ഹിക്കുന്ന രാഷ്ട്രീയക്കാരിയായി താനൊരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു പോംപിയോയുടെ പരാമര്‍ശം. തന്റെ പുസ്തകത്തിലൂടെയായിരുന്നു മൈക്ക് പോംപിയോ ഇത്തരം പരാമര്‍ശം നടത്തിയത്.
'ഇന്ത്യന്‍ വിദേശനയം രൂപീകരിക്കുന്നവരില്‍ സുഷമ ഗൗരവ്വം അര്‍ഹിക്കുന്നില്ല. ഞാന്‍ മോദിയുടെ വിശ്വസ്തനായ അജിത് ഡോവലുമായാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്', എന്നാണ് പോംപിയോ തന്റെ പുസ്തകത്തില്‍ പറയുന്നത്. ഇതിനെതിരെയായിരുന്നു എസ് ജയശങ്കറിന്റെ വിമര്‍ശനം. അന്തസില്ലാത്ത വാക്കുകളാണ് സുഷമയെ വിശേഷിപ്പിക്കാന്‍ പോംപിയോ ഉപയോഗിച്ചിരിക്കുന്നതെന്ന് ജയശങ്കര്‍ പ്രതികരിച്ചു. സുഷമ സ്വരാജുമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. എപ്പോഴും അവരെ ബഹുമാനത്തോടെ കാണുന്നു. സുഷമയെ വിലയിരുത്താനായി പോംപിയോ ഉപയോഗിച്ച വാക്കുകളെ അപലപിക്കുന്നതായും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ സൗഹൃദത്തിലായെന്നാണ് പോംപിയോ പുസ്തകത്തില്‍ പറയുന്നത്. 'ഇംഗ്ലീഷ് ഉള്‍പ്പെടെ ഏഴുഭാഷകള്‍ ജയശങ്കര്‍ സംസാരിക്കും. ഒരു കണക്കിന് എന്നേക്കാള്‍ മികച്ചയാളാണ് അദ്ദേഹം', എന്നാണ് പോംപിയോ തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.
Story Highlights: S Jaishankar Criticizing Mike Pompeo Remarks On Sushma Swaraj