'രാഹുല്‍ ഗാന്ധി തന്നെ വേണം ദേശീയ അദ്ധ്യക്ഷനായി'; ആഗസ്ത് 21ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ആരംഭിക്കവേ മുന്‍ അദ്ധ്യക്ഷന്‍ മൗനം
10 Aug 2022 12:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ ആഗസ്ത് 21ന് ആരംഭിക്കും. അദ്ധ്യക്ഷനാകാന്‍ താന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ മുന്‍ അദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധി മൗനം തുടരുകയാണ്.
ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി വരണമെന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു.
ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഒരു നേതാവ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് കോണ്‍ഗ്രസിനുള്ളില്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഒരു പൊതുതീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിഭാഗീയത ഇല്ലാതെ രാജ്യത്തെ പാര്‍ട്ടി സംവിധാനത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധിക്കല്ലാതെ മറ്റൊള്‍ക്ക് കഴിയില്ലെന്നാണ് കോണ്‍ഗ്രസിലെ വലിയ വിഭാഗം നേതാക്കള്‍ കരുതുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് താന്‍ ഒഴിയാമെന്ന് സോണിയാ ഗാന്ധി മാര്‍ച്ച് മാസത്തില്‍ പറഞ്ഞിരുന്നു.
സെപ്തംബര്‍ ഏഴിനാണ് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും കൊടുക്കുന്നത്. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോവും. 150 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പദയാത്ര 3500 കിലോമീറ്റര്‍ പിന്നിടും.
ദിഗ്വിജയ് സിങ്, സച്ചിന് പൈലറ്റ്, ശശി തരൂര്‍, രവ്നീത് സിംഗ് ബിട്ടു, കെജെ ജോര്‍ജ്, ജ്യോതിമണി, പ്രദ്യുത് ബോര്‍ദോലോയി, ജിതു പട്വാരി, സലീം അഹമ്മദ് എന്നീ നേതാക്കളാണ് യാത്രയിലെ സ്ഥിരാംഗങ്ങള്‍. തമിഴ്നാട്, കേരളം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോവും.
2017ലാണ് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം സോണിയാ ഗാന്ധിയില്‍ നിന്ന് ഏറ്റെടുത്തത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 543 ലോക്സഭ സീറ്റുകളില്‍ 52 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. അതാണ് രാഹുലിന്റെ രാജിയിലേക്ക് നയിച്ചത്.
Story Highlights: requests by Congress leaders to Rahul Gandhi to become the party chief once again