ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; വീടിന് നേരെ നടത്തിയ ബോംബാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 78 ആയി

dot image

​ഗാസ: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഗാസ സിറ്റിയില്‍ ഒരു വീടിന് നേരെ നടത്തിയ ബോംബാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 78 ആയി. ഇന്ന് മാത്രം 27 പേർ കൊല്ലപ്പെട്ടു.

അതേ സമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി ഇസ്രയേല്‍ സംഘത്തെ ഖത്തറിലേക്ക് അയക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിക്കുകയും ചെയ്തു. അഞ്ച് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് നിർണായക തീരുമാനം. ഇസ്രയേലുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് ഇന്നലെ ഹമാസ് രം​ഗത്തെത്തിയിരുന്നു. ബന്ദികളെ മോചിപ്പിക്കാനുമുള്ള നിർദ്ദേശത്തോടും അനുകൂല നിലപാടാണ് ഹമാസ് അറിയിച്ചിരുന്നത്.മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനോടും ഖത്തറിനോടുമാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്.

ചർച്ചകൾക്ക് തയ്യാറാണെന്ന ഹമാസിന്‍റെ പ്രതികരണം പോസിറ്റീവ് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അഭിപ്രായപ്പെട്ടിരുന്നു. അടുത്തയാഴ്ചയോടെ ഗാസ വെടിനിർത്തൽ കരാറിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചർച്ചകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കാൻ ഹമാസ് അറിയിച്ചുവെന്ന് ഇസ്രയേലിന്റെ പ്രധാന മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേലാണ് റിപ്പോർട്ട് ചെയ്തത്. പ്രസിഡന്റ് ​ട്രംപ് മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കുമെന്നും പത്ത് തടവുകാരെയും 18 മൃതദേഹവും വിട്ടുനൽകാമെന്ന് ഹമാസ് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.

ഗാസയിൽ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്നും സഹായം അനുവദിക്കണമെന്നുമുള്ള ആവശ്യത്തോട് വ്യക്തമായ പ്രതികരണം ഇസ്രയേൽ നൽകിയിരുന്നില്ല. ഹമാസിന്റെ നിർദ്ദേശത്തെക്കുറിച്ചുള്ള പ്രതികരണം നിലവിൽ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് ആയിരുന്നു ഇസ്രയേലിന്റെ പ്രതികരണം. 60 ദിവസത്തെ വെടിനിർത്തൽ കൂടാതെ പൂർണമായ വെടിനിർത്തൽ സംബന്ധിച്ച കാര്യത്തിലും ഹമാസ് വ്യക്തത വരുത്തണണെന്ന് മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായവർ നിർദേശിച്ചിരുന്നു. മധ്യസ്ഥരുടെ നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള ചർച്ചകളെ പറ്റി ഹമാസ് ആലോചിക്കുന്നുണ്ട്. ബന്ദികളാക്കിയവരെ മോചിപ്പിച്ചതരാക്കിയതിന് ശേഷം ഇസ്രയേൽ ആക്രമണം പുനരാരംഭിക്കില്ലെന്ന് ഉറപ്പ് വേണമെന്ന് ഇസ്ലാമിക് ജിഹാദ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Content Highlights: 12 People Were Killed in a Bomb Attack on a House in Gaza City

dot image
To advertise here,contact us
dot image