Top

തെരഞ്ഞെടുപ്പിന് മുന്‍പ് വരെ മതംമാറ്റത്തിനെതിര്; ഒടുവില്‍ വ്യാരയില്‍ പരിവര്‍ത്തിത ക്രിസ്ത്യാനിയെ നിര്‍ത്തി ജയിച്ച് ബിജെപി

നാല് തവണ എംഎല്‍എയായ കോണ്‍ഗ്രസിന്റെ പുനാഭായ് ഗാമിത്തിനെ മുന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി 22,670 വോട്ടുകള്‍ക്കാണ് വ്യാര മണ്ഡലത്തില്‍ ബിജെപിയുടെ മുന്നേറ്റം

8 Dec 2022 1:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരഞ്ഞെടുപ്പിന് മുന്‍പ് വരെ മതംമാറ്റത്തിനെതിര്; ഒടുവില്‍ വ്യാരയില്‍ പരിവര്‍ത്തിത ക്രിസ്ത്യാനിയെ നിര്‍ത്തി ജയിച്ച് ബിജെപി
X

ഗാന്ധിനഗര്‍: 20 വര്‍ഷത്തിന് ശേഷം ഗുജറാത്തില്‍ ബിജെപി രംഗത്തിറക്കിയ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥിക്ക് ജയം. വ്യാര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ മോഹന്‍ കൊങ്കണിയാണ് വിജയിച്ചു കയറിയത്. നാല് തവണ എംഎല്‍എയായ കോണ്‍ഗ്രസിന്റെ പുനാഭായ് ഗാമിത്തിനെ മണ്ഡലത്തില്‍ മുന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി 22,670 വോട്ടുകള്‍ക്കാണ് വ്യാര മണ്ഡലത്തില്‍ ബിജെപിയുടെ മുന്നേറ്റം.

ഗുജറാത്തില്‍ ആദ്യമായി ഗോത്രവിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയെ സമ്മാനിച്ച മണ്ഡലമാണ് വ്യാര. അമര്‍സിംഗ് ചൗദരിയായിരുന്നു വ്യാര സീറ്റില്‍ നിന്ന് ജയിച്ച് മുഖ്യമന്ത്രിയായത്. ആദ്യമായാണ് കോണ്‍ഗ്രസും ബിജെപിയും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ ഇറക്കുന്നത്.

2004 മുതല്‍ തുടര്‍ച്ചയായി നാല് തവണയും കോണ്‍ഗ്രസിന്റെ പുനാഭായിയാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു കയറിയത്. മണ്ഡലത്തില താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളും മേഖലയില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന പിന്തുണയും ജയത്തിലേയ്ക്ക് എത്തിക്കുമെന്നാണ് ഗാമിത് കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന കാഴ്ച്ചയാണ് കണ്ടത്. എഎപിയുടെ ബിപിന്‍ ചൗദരിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ നടത്തുന്ന വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി ഇവിടെ വോട്ട് തേടിയത്. മണ്ഡലത്തില്‍ എഎപിയുടെ കടന്നുവരവ് ഗാമിത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ചെന്നാണ് വിലയിരുത്തല്‍. 45 ശതമാനം ക്രിസ്ത്യന്‍ വോട്ടുകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന ബിജെപി ആരോപണം മോഹന്‍ കൊങ്കണിയുടെ വിജയത്തെ സ്വാധീനിക്കുമോ എന്ന ഭയവും ബിജെപിക്കുണ്ടായിരുന്നു.

രണ്ടേകാല്‍ ലക്ഷത്തോളം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ബിജെപി 69,024 വോട്ടുകള്‍ നേടിയപ്പോള്‍ എഎപി 46,264 ഉം കോണ്‍ഗ്രസ് 43,718 വോട്ടുകളുമാണ് നേടിയത്. 2017 ല്‍ 88,576 വോട്ടുകള്‍ ലഭിച്ച മണ്ഡലത്തിലാണ് എഎപിയുടെ വരവോടെ മൂന്നാം സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് പിന്തള്ളപ്പെട്ടത്.

Story highlights: Mohan Konkani, first Christian candidate fielded by BJP in 20 years, wins from Gujarat

Next Story