കൂറുമാറ്റ നിരോധനനിയമം മറികടക്കാന്‍ ഷിന്‍ഡേയുടെ ശക്തിപ്രകടനം; ശിവസേനയുടെ ചിഹ്നത്തിന് വേണ്ടി നീക്കം
അധികാരം നഷ്ടപ്പെടുകയാണെങ്കിൽ കൂടുതൽ രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാവണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറും അറിയിച്ചു.
23 Jun 2022 9:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗുവാഹത്തി: കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ ആവശ്യമായ പിന്തുണ തേടി വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. ഇതിനായി 42 വിമത എംഎൽഎമാരും ഷിൻഡെയുടെ നേതൃത്വത്തിൽ ഗുവാഹത്തിയിൽ ആദ്യമായി ഒന്നിച്ചു. 'ശിവസേന സിന്ദാബാദ്', 'ബാലാസാഹേബ് താക്കറെ കീ ജയ്' എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വിമത എംഎൽഎമാരുടെ ഒത്തുകൂടൽ. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ 37 പാർട്ടി എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. അതേസമയം അംഗബലം മുന്‍നിര്‍ത്തി ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അവകാശപ്പെടാനൊരുങ്ങുകയാണ് ഏക്നാഥ് ഷിന്‍ഡെ.
ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് വിമത എംഎല്‍എമാര്‍ കഴിയുന്നത്. അഞ്ച് സ്വതന്ത്ര എംഎല്‍എമാരും ക്യാമ്പിലുണ്ടെന്നാണ് വിവരം. കൂടാതെ ദീപക് കേശകര്‍, മങ്കേഷ് കുദല്ക്കര്, സദ സര്‍വങ്കര്‍ എന്നീ ശിവസേനയുടെ മൂന്ന് എംഎല്‍എമാർ രാവിലെ മുംബൈയില്‍ നിന്നും അസമിലെ വിമത ക്യാമ്പിൽ പുതുതായെത്തിയിട്ടുണ്ട്. എന്നാൽ കടുത്ത നിലപാട് സ്വീകരിക്കാൻ മുഖ്യമന്ത്രിയെ ഉപദേശിച്ചുവെന്നും എൻസിപി അദ്ദേഹത്തിനൊപ്പമാണെന്നും എൻസിപി വൃത്തങ്ങൾ വ്യക്തമാക്കി. അധികാരം നഷ്ടപ്പെടുകയാണെങ്കിൽ കൂടുതൽ രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാവണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറും അറിയിച്ചു.
ശിവസേനയുടെ ഔദ്യോഗിക വിഭാഗം വർഷയിൽ വിളിച്ചുകൂട്ടിയ പാർട്ടി യോഗത്തിൽ 12 എംഎൽഎമാർ മാത്രമാണ് പങ്കെടുക്കുന്നത് എന്ന് വൃത്തങ്ങൾ അറിയിച്ചു. അജയ് ചൗധരി, രവീന്ദ്ര വൈക്കർ, രാജൻ സാൽവി, വൈഭവ് നായിക്, നിതിൻ ദേശ്മുഖ്, ഉദയ് സാമന്ത്, സുനിൽ റാവുത്ത്, സുനിൽ പ്രഭു, ദിലീപ് ലാൻഡെ, രാഹുൽ പാട്ടീൽ, രമേഷ് കോർഗോങ്കർ, പ്രകാശ് ഫതർപേക്കർ എന്നിവരാണ് നിലവിൽ ഉദ്ദവ് താക്കറെയെ പിന്തുണയ്ക്കുന്ന എംഎൽഎമാർ. അതേസമയം ദാദറിലെ ശിവസേന ഭവനിൽ ഭാരവാഹികളുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.
Story Highlights: Shiv Sena leader Eknath Shinde seeks support to overturn anti-defection law