'രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അദ്ധ്യക്ഷയാകണം'; ചിന്തന്‍ ശിബിരത്തില്‍ ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍
സോണിയ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു നേതാവ് ഇക്കാര്യം ഉന്നയിച്ചത്
14 May 2022 6:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷയാക്കണമെന്ന് രാജസ്ഥാനിൽ നടക്കുന്ന ചിന്തിൻ ശിബിരത്തിൽ ആവശ്യം. മുതിർന്ന കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണയാണ് രാഹുൽ ഗാന്ധി തയ്യാറായില്ലെങ്കിൽ പ്രിയങ്കാ ഗാന്ധിയെ അധ്യക്ഷയാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പാർട്ടിയുടെ ജനപ്രിയ മുഖമാണ് പ്രിയങ്ക ഗാന്ധിയെന്നും ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു.
''രണ്ടു വർഷമായി രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അദ്ദേഹം തയ്യാറല്ലെങ്കിൽ പ്രിയങ്കാ ഗാന്ധിയെ പാർട്ടിയുടെ അധ്യക്ഷയാക്കണം. പാർട്ടിയുടെ ദേശീയ തലത്തിലെ ജനപ്രിയ മുഖമാണ് പ്രിയങ്ക ഗാന്ധി'' ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു.
സോണിയ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു നേതാവ് ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ ആവശ്യത്തോട് ഇരുവരും പ്രതികരിച്ചില്ല, പിന്നീട് രാജ്യസഭാ എംപി മല്ലികാർജുൻ ഖാർഗെ ഇടപെടുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി പ്രിയങ്ക സജ്ജീവമായി ഇടപെടുന്നുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല പാര്‍ട്ടി പ്രിയങ്കയെ ഏല്‍പ്പിച്ചിരുന്നുവെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. എങ്കിലും ദേശീയ തലത്തില്‍ എല്ലാവര്‍ക്കും ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാണ് പ്രിയങ്കയെന്നാണ് ആചാര്യ ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇതേ ആവശ്യം എം പി ദീപേന്ദര്‍ ഹൂഡയും ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്കാ ഗാന്ധിയെ സംസ്ഥാന തലത്തിൽ ഒതുങ്ങേണ്ട ആളല്ലെന്നും അവരെ ദേശീയതലത്തിലേക്ക് ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചില്ലെങ്കിൽ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയില്ലെന്ന് ഗുജറാത്തിലെ കോൺഗ്രസ് നേതാവ് രഘു ശർമ്മ ഇതേ ചർച്ചയിൽ പറഞ്ഞു.
STORY HIGHLIGHTS: congress leaders Demand at Chintan Shivir as Priyanka Gandhi to be the next Congress president