Top

കിലോമീറ്ററുകള്‍ പിന്നിടുമ്പോളും ഒരു കുലുക്കവുമില്ലാതെ ദിഗ്വിജയ് സിങ്; തന്റെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി മുന്‍ മുഖ്യമന്ത്രി

ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതല്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന നേതാക്കളില്‍ ഒരാളാണ് ദിഗ്വിജയ് സിങ്

14 Sep 2022 6:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിലോമീറ്ററുകള്‍ പിന്നിടുമ്പോളും ഒരു കുലുക്കവുമില്ലാതെ ദിഗ്വിജയ് സിങ്; തന്റെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി മുന്‍ മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതല്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന നേതാക്കളില്‍ ഒരാളാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്. കോണ്‍ഗ്രസ് നേതാക്കളില്‍ വലിയൊരു വിഭാഗം പദയാത്രയില്‍ മുഴുവന്‍ രാഹുലിനൊപ്പം നടക്കാതെ അവരുടെ വാഹനങ്ങളെ ആശ്രയിക്കുമ്പോള്‍, ഭാരത് ജോഡോ യാത്രാ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായി ദിഗ്‌വിജയ് സിങും ഭാര്യ അമൃത റായിയും കാല്‍നടയായി തന്നെ യാത്ര തുടരുകയാണ്. കിലോമീറ്ററുകള്‍ പിന്നിടുമ്പോഴും ഒരു കുലുക്കവുമില്ലാതെ യാത്ര തുടരാന്‍ സാധിക്കുന്നതിന്റെ 'രഹസ്യം' വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ 75 കാരനായ ദിഗ്വിജയ സിങ്.

നാല് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് നടത്തിയ നര്‍മ്മദ പരിക്രമ യാത്രയില്‍ പങ്കെടുത്തതിന്റെ അനുഭവം തനിക്കുണ്ടെന്നാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് ദിഗ്‌വിജയ് സിങ് പറഞ്ഞത്. 2017 ഒക്ടോബര്‍ മുതല്‍ 2018 ഏപ്രില്‍ വരെ മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ 3,300 കിലോമീറ്ററായിരുന്നു നര്‍മ്മദ പരിക്രമ യാത്ര നടന്നത്.



തന്നേക്കാള്‍ 23 വയസ് കുറവുള്ള ഭാര്യയുള്ളതുകൊണ്ട് ആരോഗ്യം സൂക്ഷിക്കേണ്ടത് അത്യവശ്യമാണെന്നും തമാശയായി കോണ്‍ഗ്രസ് നേതാവ് പറയുന്നുണ്ട്. 'തമാശ മാറ്റി നിര്‍ത്തിയാല്‍, കേരളത്തിലെ യാത്ര ഞങ്ങള്‍ ആസ്വദിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിന് ഞങ്ങള്‍ കുറച്ചു ദിവസം മാറി നില്‍ക്കുമെങ്കിലും സെപ്റ്റംബര്‍ 19 കേരളത്തില്‍ തിരിച്ചെത്തും', ദിഗ്‌വിജയ്‌സിങ് പറഞ്ഞു. മുന്‍ ചാനല്‍ അവതാരിക കൂടിയായ അമൃത റായിയാണ് ദിഗ്‌വിജയ് സിങിന്റെ ഭാര്യ.





Story Highlights: Bharat Jodo Yatra Digvijaya Singh Says He Has Got A Rich Experience Of Walking

Next Story