'ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാല്‍..'; ഗുജറാത്ത് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് അമിത് ഷാ
അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
15 Nov 2022 5:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഹമ്മദാബാദ്: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലെത്തിയാല്‍ ഭൂപേന്ദ്ര പട്ടേല്‍ തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സിഎന്‍എന്‍ന്യൂസ് 18നോട് പ്രതികരിച്ചു.
2021 സെപ്തംബറിലാണ് വിജയ് രൂപാണിക്ക് പകരം ഭൂപേന്ദ്ര പട്ടേല്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദവിയിലേക്കെത്തിയത്. ഘട്ലോദിയ മണ്ഡലത്തില്‍ നിന്നുളള ആദ്യത്തെ എംഎല്‍എ ആയിരുന്നു അദ്ദേഹം. ഘട്ലോദിയയില്‍ നിന്ന് തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗാധ്വിയായിരിക്കുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയ ശേഷമാണിത്. എന്നാല്‍ കോണ്‍ഗ്രസ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് അറിയിച്ചു.
182 സീറ്റുകളിലേക്കാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഒന്ന്, അഞ്ച് തിയ്യതികളില്‍ രണ്ട് ഘട്ടങ്ങളിലായാകും വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 2017 തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകള്‍ 99 ആയി കുറഞ്ഞിരുന്നു. 77 സീറ്റുകളാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ഗുജറാത്ത് നിയമസഭയിലുള്ളത്. ഗുജറാത്ത് രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത് എഎപി കനത്ത പ്രചരണമാണ് നടത്തുന്നത്. ബിജെപിയുടെ മുഖ്യ എതിരാളികള്‍ കോണ്‍ഗ്രസ് അല്ലെന്നും തങ്ങളാണെന്നും ഉയര്‍ത്തിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണം.
story highlights: amit shah declared gujarat cheif minister