Top

പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും, സിദ്ദുവിന്റെ ആവശ്യങ്ങള്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

19 Oct 2021 5:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും, സിദ്ദുവിന്റെ ആവശ്യങ്ങള്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
X

പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു സോണിയ ഗാന്ധിക്ക് കത്തയച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ചരണ്‍ജിത് സിങിന്റെ പ്രതികരണം. എഐസിസി നീരിക്ഷകന്‍ ഹരീഷ് ചൗധരി, സംസ്ഥാന കോണ്‍ഗ്രസ് മേധാവി നവജ്യോത് സിംഗ് സിദ്ദു എന്നിവരുമായും പഞ്ചാബ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

നവജ്യോത് സിംഗ് സിദ്ദു ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ പാര്‍ട്ടി അജണ്ടയില്‍ ഉള്‍പ്പെടുത്തി പരിഹരിക്കും. ചില വിഷയങ്ങള്‍ ഇതിനോടകം പരിഹരിച്ച് കഴിഞ്ഞെന്നും വിഷയങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ എല്ലാം തന്നെ പരിഹകരിക്കേണ്ടതുണ്ട്. ഇതിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിദ്ദു ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ പുനഃസംഘടനയ്ക്ക് പിന്നാലെ രൂപം കൊണ്ട ഭിന്നതയെ തുടര്‍ന്ന് സിദ്ദു പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഇതിന് ശേഷം ഹൈക്കമാന്‍ഡ് ഇടപെട്ടാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്. പിന്നാലെയാണ് ഡല്‍ഹിയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഒക്ടോബര്‍ 15 ന് കോണ്‍ഗ്രസ് പ്രസിഡന്റിന് തന്റെ ആവശ്യങ്ങള്‍ വ്യക്തമാക്കി അദ്ദേഹം കത്തയച്ചത്.

Next Story