കടലിൽ കണ്ട മൃതദേഹം കിട്ടിയില്ല, തിരച്ചിൽ അവസാനിപ്പിച്ചു; അർജുന്റേതാവാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ

ഈശ്വർ മാൽപെയും സംഘവും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. മൃതദേഹം അർജുൻ്റേതാവാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു.
കടലിൽ കണ്ട മൃതദേഹം കിട്ടിയില്ല, തിരച്ചിൽ അവസാനിപ്പിച്ചു; അർജുന്റേതാവാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ
Updated on

കോഴിക്കോട്: കുംട കടലിൽ മൃതദേഹത്തിനായി നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ചു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ഈശ്വർ മാൽപെയും സംഘവും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. മൃതദേഹം അർജുൻ്റേതാവാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു.

കടലിൽ മൃതദേഹം കണ്ടെന്ന് വിവരം നൽകിയത് മത്സ്യത്തൊഴിലാളികളാണ്. മറ്റൊരു വിവരവും ഇതുസംബന്ധിച്ച് ലഭിച്ചിട്ടില്ല. ഇതുവരെ ഒരു മൃതദേഹവും കണ്ടെത്തിയിട്ടില്ലെന്നും കർണാടക പൊലീസ് അറിയിച്ചു. മൃതദേഹം മൂന്ന് ദിവസം മുമ്പ് കാണാതായ മത്സ്യത്തൊഴിലാളിയുടേതാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

ഗോകർണ ജില്ലയിൽ കുംട തീരത്തോട് ചേർന്ന് അകാനാശിനിപ്പുഴ കടലുമായി ചേരുന്ന അഴിമുഖം അകനാശിനി ബാടയോട് ചേർന്നാണ് അവസാനമായി മൃതദേഹം കണ്ടത്. ഷിരൂരിൽ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം അകനാശിനി ബാഡെയിൽ നിന്നും കടലിൽ ഒഴുകുന്ന നിലയില്‍ ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു ലഭിച്ച വിവരം. ഷിരൂരിൽ നിന്നും 60 കിലോമീറ്റർ ചുറ്റളവിലാണ് മൃതദേഹം കണ്ടെത്തിയ പ്രദേശം. ഷിരൂർ അപകടത്തിൽപ്പെട്ട അർജുൻ അടക്കമുള്ള മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല.

മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഏഴ് നോട്ട്‌സ് ആണ് ഇപ്പോഴും ഗംഗാവലി നദിയിലെ അടിയൊഴുക്ക്. ഈ സാഹചര്യത്തില്‍ തിരച്ചില്‍ നടത്താനാവില്ല. തിരച്ചില്‍ ദൗത്യം വൈകാതെ പുനഃരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് കുംട കടലിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവന്നതും തിരച്ചിൽ നടത്തിയതും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com