

ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ സൈൻ ചെയ്ത് സിംബാബ്‌വേ പേസർ ബ്ലസിങ് മുസറബനി. പാകിസ്താൻ സൂപ്പർ ലീഗ് ക്രിക്കറ്റ് ഉപേക്ഷിച്ചാണ് താരം ഐപിഎല്ലിലേക്ക് എത്തുന്നത്. ഇത് കെകെആർ സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ പതിമൂന്ന് വിക്കറ്റുകൾ വീഴ്ത്തി താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. പിഎസ്എൽ താരലേലത്തിൽ അൻസോൾഡ് ആയിരുന്നു മുസറബനി. പിന്നീട് വിൻഡീസ് താരം ഷമാർ ജോസഫിന് പണക്കാരനായി ഇസ്ലാമബാദ് യുണൈറ്റഡുമായി കരാറിൽ ഒപ്പുവച്ചു. എന്നാൽ, കൊൽക്കത്തയിൽ നിന്ന് ഓഫർ വന്നതോടെ പിഎസ്എൽ വിട്ട് ഐപിഎല്ലിലേക്ക് ചേക്കേറാൻ താരം തീരുമാനിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ സിംബാബ്‌വെയെ സൂപ്പർ 8-ൽ എത്തിക്കുന്നതിൽ മുസറബനി നിർണായക പങ്ക് വഹിച്ചിരുന്നു. 2017 -ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മുസറബനി 89 രാജ്യാന്തര ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 106 വിക്കറ്റുകളാണ് വലംകൈയ്യൻ പേസറായ ആറടി എട്ടിഞ്ച് പൊക്കക്കാരന്റെ പോക്കറ്റിലുള്ളത്. എന്നാൽ, കഴിഞ്ഞ സീസണിൽ ആർസിബിക്ക് വേണ്ടി പകരക്കാരന്റെ റോളിൽ ഒരു തവണ മാത്രമാണ് താരം ഐപിഎല്ലിൽ പന്തെറിഞ്ഞിട്ടുള്ളത്.
മാർച്ച് 17 -ന് കൊൽക്കത്തയിൽ എത്തുന്ന താരം ടീം ക്യാമ്പിൽ ചേരും എന്നാണ് റിപ്പോർട്ട്. വിവാദങ്ങളും പ്രതിഷേധങ്ങളും കാരണം 9.20 കോടി മുടക്കി ടീമിലെത്തിച്ച ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് പുറത്താക്കിയിരുന്നു. കൂടാതെ ടി20 ലോകകപ്പിനിടയിൽ പരിക്കേറ്റ ശ്രീലങ്കൻ താരം മതിഷ പതിരാന ചികിത്സയിലാണ്. അതുകൊണ്ടുത്തന്നെ ബ്ലസിങ് മുസറബനിക്ക് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചേക്കും. മാർച്ച് 28 -ന് നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തോടെയാണ് ഐപിഎൽ 19-ാം സീസണിന് തുടക്കമാവുക. രണ്ടാം ദിനമായ മാർച്ച് 29 -ന് മുംബൈ ഇന്ത്യൻസിന് എതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരം.
Content highlight: Zimbabwe pacer Blessing Muzarabani leaves PSL for IPL and signed in Kolkata Knight Riders