കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് അറുപതാണ്ട്; സിപിഐഎമ്മിന്റെ ഉദയത്തിനും

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന്റെ 60 വർഷങ്ങൾ
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് അറുപതാണ്ട്; സിപിഐഎമ്മിന്റെ ഉദയത്തിനും

60 വർഷങ്ങൾക്ക് മുമ്പ് 1964ൽ ഏപ്രിൽ 11 ന് ദേശീയ കൌൺസിൽ യോഗത്തിൽ നിന്ന് 32 അംഗങ്ങൾ ഇറങ്ങിപ്പോന്നതോടെ ഇന്ത്യയിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന്റെ വർഷങ്ങളെന്നാൽ ഒപ്പം സിപിഐഎം എന്ന പാർട്ടിയുടെ അറുപത് ആണ്ടെന്ന് കൂടിയാണ്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പിളർന്ന് പാർട്ടി രണ്ടായി, സിപിഐയും സിപിഐ(എം) ഉം.

1920 ഒക്ടോബർ 17 ന് താഷ്കന്റിൽ വച്ചാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊള്ളുന്നത്. 1925 ൽ സിപിഐ ഔദ്യോഗികമായി രൂപംകൊണ്ടു. പാർട്ടിയുടെ വളർച്ചയ്ക്കിടയിൽ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉയർന്നുവന്ന അഭിപ്രായ ഭിന്നതകൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ബാധിച്ചിരുന്നു. നെഹ്റുവിന് കീഴിൽ ഇന്ത്യ രൂപം കൊണ്ടതിന് ശേഷം പാർട്ടിക്കുള്ളിൽ തന്നെ ആശയഭിന്നത വളർന്നുവന്നു. നെഹ്റു സർക്കാറിന് സോവിയറ്റ് യൂണിയനോടുള്ള ബന്ധം മെച്ചപ്പെട്ടതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഹകരിക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം സിപിഐയിൽ ശക്തിപ്പെട്ടു. പാർട്ടി ചെയർമാനായിരുന്ന എസ് എ ഡാങ്കെ വിഭാഗത്തിനായിരുന്നു പാർട്ടിയിൽ മുൻതൂക്കം.

സോവിയറ്റ് റഷ്യയോട് ആഭിമുഖ്യം പുലർത്തണമെന്ന് ഡാങ്കെ ഉൾപ്പെട്ട വിഭാഗവും എന്നാൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ച് നിൽക്കണമെന്ന നിലപാടിൽ ഒറ്റൊരു വിഭാഗവും ഉറച്ചുനിന്നു. ഈ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഫ്രിക്ഷൻ പാർട്ടിക്കുള്ളിൽ തന്നെ ഇടത്, വലത് വിഭാഗങ്ങളെയുണ്ടാക്കി. 1962 ലെ ഇന്ത്യ - ചൈന യുദ്ധത്തോടെ ഡാങ്കെ വിരുദ്ധർ ജയിലിലടയ്ക്കപ്പെട്ടു. ജയിൽ മോചിതരായ ഈ വിഭാഗം ഡാങ്കെ നേതൃത്വത്തെ ചോദ്യം ചെയ്ത് രം​ഗത്തെത്തി. പിന്നീട് സിപിഐഎം രൂപീകൃതമായതോടെ സോവിയറ്റ് റഷ്യയെ പിന്തുണയ്ക്കുന്നവരെന്ന് സിപിഐയെയും ചൈന അനുകൂലികളെന്ന് സിപിഐഎമ്മിനെയും വിശേഷിപ്പിക്കാൻ തുടങ്ങി.

1964 ഏപ്രിൽ 11 ന് സിപിഐ ദേശീയ കൗൺസിൽ യോഗം ചേർന്നു. അതിന് മുമ്പ് തന്നെ പുറത്തുവന്ന ഡാങ്കെയുടെ കത്തുകൾ പാ‍ർട്ടിക്കുള്ളിൽ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. 1924 ൽ ഡാങ്കെ എഴുതിയെന്ന് പറയപ്പെടുന്ന നാല് കത്തുകൾ, പാ‍ർട്ടി പിളർപ്പിന് ഒരു കാരണമായി. തൻ്റെ ജയിൽ ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിന്, പകരമായി ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ ഒരു ഏജൻ്റായി പ്രവർത്തിക്കാമെന്നതായിരുന്നു ആ കത്തുകൾ. എന്നാൽ ഇതിന്റെ ആധികാരികത ചോദ്യം ചെയ്ത് ഡാങ്കെ വിഭാ​ഗമായ വലതുപക്ഷവും ഡാങ്കെയ്ക്കെതിരായ ഇടതുപക്ഷവും രം​ഗത്തെത്തി. പാ‍ർട്ടിക്കുള്ളിൽ ഡാങ്കെക്കെതിരെ മുറവിളികൾ നടക്കുന്നതിനിടെയാണ് ഏപ്രിൽ 11 ന് ദേശീയ കൗൺസിൽ യോ​ഗം ചേ‍ർന്നത്. യോ​ഗത്തിൽ കത്ത് ചർച്ചയായി, ഡാങ്കെയുടെ രാജി എന്ന ആവശ്യം ഉയർന്നു. എന്നാൽ രാജിവെക്കാൻ ഡാങ്കെ തയ്യാറായില്ല. ഇതോടെ ദേശീയ കൗൺസിലിലെ 65 അം​ഗങ്ങളിൽ 32 പേരും പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നു.

ഇഎംഎസ് നമ്പൂതിരിപ്പാട്, എ കെ ​ഗോപാലൻ, എ വി ​കുഞ്ഞമ്പു, സി എച്ച് കണാരൻ, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, ഇ കെ ഇമ്പിച്ചിബാവ എന്നിങ്ങനെ കേരളത്തിൽ നിന്നുള്ള ഏഴ് നേതാക്കളും പി സുന്ദരയ്യയും ജോതി ബസുവും എൻ. ശങ്കരയ്യയുമടക്കം 32 പേരാണ് ഡാങ്കെക്കെതിരെ പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നത്. പിന്നാലെ ഇവർ എകെജിയുടെ വിൻഡേസ് പ്ലേസിലെ വസതിയിൽ യോ​ഗം ചേ‍ർന്നു. ഇറങ്ങിപ്പോന്നവർ ഏപ്രിൽ 15ന് ഒരു പുതിയ പാർട്ടിയുടെ കരട് പുറത്തിറക്കി. ഇഎംഎസ് സ്വന്തമായൊരു കരടും പുറത്തിറക്കി. പിന്നാലെ ഇഎംഎസ്സും ജോതിബസുവുമടക്കമുള്ള 32 പേരെ സിപിഐ സസ്പെൻഡ് ചെയ്തു.

സസ്പെൻഷൻ പിൻവലിക്കാൻ തയ്യാറായെങ്കിലും ഇടതുവിഭാഗം മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ സിപിഐ വലതുപക്ഷം അംഗീകരിക്കാൻ തയ്യാറാകാതെ വന്നതോടെ പിളർപ്പ് പൂർണമായി. പാർട്ടിയുടെ ലോക്സഭാ നേതാവുകൂടിയായ എ കെ ഗോപാലൻ പാർട്ടിയിലെ ഇടതുപക്ഷമായ 32 പേർക്കൊപ്പം നിന്നു. എം എൻ ഗോവിന്ദനും കെ ദാമോദരനുമടക്കമുള്ളവർ സിപിഐ വലതുപക്ഷത്തിനൊപ്പവും തുടർന്നു. ജൂലൈയിൽ നടന്ന തെനാലി കൺവെൻഷനിൽ പുതിയ പാർട്ടി എന്ന നിലയിൽ സിപിഐ ഇടത് വിഭാഗത്തിന്റെ ഭരണഘടന ഔപചാരികമായി പുറത്തിറക്കി.

സിപിഐ ഇടതുപക്ഷം ഒക്ടോബർ - നവംബർ മാസങ്ങളിൽ കൊൽക്കത്തയിൽ പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ചു. ഡിസംബറിൽ ബോംബെയിൽ സിപിഐ വലതുപക്ഷം മറ്റൊരു പാർട്ടി കോൺഗ്രസും നടത്തി. ഇതോടെ ഇരു വിഭാഗത്തിന്റെയും വിഭജനം ഉറപ്പായി. കൊൽക്കത്തയിലെ പാർട്ടി കോൺഗ്രസിൽ പി സുന്ദരയ്യയെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പി സുന്ദരയ്യ, ഇഎംഎസ് നമ്പൂതിരിപ്പാട്, പി രാമമൂർത്തി, പ്രമോദ് ദാസ് ഗുപ്ത , എം ബസവപുണ്ണയ്യ, എ കെ ഗോപാലൻ, സുർജീത്, ബസു, രണദിവെ എന്നിവരടങ്ങുന്ന ഒമ്പതംഗ പൊളിറ്റ്ബ്യൂറോയും രൂപീകരിച്ചു. 1964 ഏപ്രിൽ 11ന് പിളർപ്പിന് കാരണമായ ഇറങ്ങിപ്പോക്ക് നടന്നെങ്കിലും ഒക്ടോബർ 31 മുതൽ നവംബർ ഏഴുവരെ കൊൽക്കത്തയിൽ നടന്ന ഈ പാർട്ടി കോൺ​ഗ്രസിലാണ് സിപിഐഎം ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com