
ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിധ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കൻവർ വിജയ് ഷായ്ക്ക് പാർട്ടിയുടെ 'തലോടൽ'. വിഷയം കോടതിയിൽ ഉള്ളതിനാൽ ഇപ്പോൾ രാജി ആവശ്യപ്പെടേണ്ടെന്നും മന്ത്രിയുടെ ഒപ്പം നിൽക്കാനുമാണ് ബിജെപിയുടെ തീരുമാനം.
സംസ്ഥാനത്തെ ബിജെപി നേതാക്കൾ വിഷയത്തിൽ കഴിഞ്ഞ ദിവസം രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷമാണ് മന്ത്രിയുടെ ഒപ്പം നിൽക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. കോടതിയുടെ തീരുമാനം എന്താണോ അതിനൊപ്പം നിൽക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സംസ്ഥാന നേതൃത്വം വിജയ് ഷായ്‌ക്കൊപ്പം നിൽക്കുന്നത്.
'ഇക്കാര്യത്തിൽ കോടതി തീരുമാനം പറഞ്ഞിട്ടുണ്ട്. ഞങ്ങൾ കോടതി തീരുമാനത്തിനൊപ്പമാണ്. അവർ പറയുന്നത് പോലെ ചെയ്യും. വിജയ് ഷായുടെ രാജിക്കായി മുറവിളി കൂട്ടുന്ന കോൺഗ്രസ് ആദ്യം ചോദിക്കേണ്ടത് സിദ്ദരാമയ്യയുടെ രാജിയാണ്. മാത്രമല്ല, മിക്ക കോൺഗ്രസ് നേതാക്കൾക്കെതിരെയും കേസുകളുണ്ട്. അരവിന്ദ് കെജ്‌രിവാളിനെ അടക്കം കോൺഗ്രസ് പിന്തുണച്ചതല്ലേ, അതുകൊണ്ട് ഈ വിഷയത്തിൽ സംസാരിക്കാൻ കോണ്‍ഗ്രസിന് ഒരു അവകാശവുമില്ല'; മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
കോടതി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ, തങ്ങളും മന്ത്രിയുടെ രാജി ചോദിക്കേണ്ടെന്ന നിലപാടിലാണ്. നിലവിൽ കേസെടുക്കാനും പരസ്യമായി മാപ്പ് പറയാനുമാണ് കോടതി നിർദ്ദേശിച്ചിരുക്കുന്നത്. ഈ വിഷയം അങ്ങനെത്തന്നെ തീരുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
കേണൽ സോഫിയ ഖുറേഷിയെ 'ഭീകരരുടെ സഹോദരി' എന്നായിരുന്നു മധ്യപ്രദേശ് മന്ത്രി വിജയ് ഷാ വിളിച്ചത്. ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തില്‍ നിന്നുള്ള ഒരു സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു എന്നായിരുന്നു വിജയ് ഷായുടെ വിവാദ പരാമര്‍ശം. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവരുടെ സഹോദരിയെ പാകിസ്താനിലേക്ക് അയച്ചത്. നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തത്. അവര്‍ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെണ്‍മക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാ'ണെന്ന് വിജയ് ഷാ പറഞ്ഞിരുന്നു.
വ്യാപക പ്രതിഷേധമാണ് ഈ പരാമർശത്തിനെതിരെ ഉയർന്നുവന്നത്. മധ്യപ്രദേശ് ഹൈക്കോടതി മന്ത്രിക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. പ്രഥമദൃഷ്ട്യാ വിജയ് ഷാ നടത്തിയ പരാമര്‍ശം കുറ്റകരമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് വരെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlights: MP BJP not to ask resignation of minister who insulted colonel sophia qureshi