ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്നം നൽകി ആദരിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തിൽ അദ്വാനിയുടെ വസതിയിൽ വെച്ചാണ് ഇന്ന് ദ്രൗപതി മുർമു അദ്ദേഹത്തിന് ഭാരതരത്നം സമ്മാനിച്ചത്. ചിത്രങ്ങൾ രാഷ്ട്രപതി എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, അദ്വാനിയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തുവെന്ന് രാഷ്ട്രപതി ഭവൻ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.
'ഏഴു പതിറ്റാണ്ടിലേറെയായി അചഞ്ചലമായ അർപ്പണബോധത്തോടെ അദ്വാനി രാജ്യത്തെ സേവിച്ചെന്നും പാർലമെൻ്ററി പാരമ്പര്യങ്ങളെ സമ്പന്നമാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. ആഭ്യന്തര മന്ത്രി എന്ന നിലയിലായാലും ഉപപ്രധാനമന്ത്രി എന്ന നിലയിലായാലും, അദ്വാനി എല്ലായ്പ്പോഴും ദേശീയ താൽപ്പര്യത്തിനാണ് മുൻഗണന നൽകിയതെന്നും രാഷ്ട്രപതി പറഞ്ഞു.
President Droupadi Murmu presented Bharat Ratna to Shri L. K. Advani at his residence. The formal ceremony was attended by Vice President Shri Jagdeep Dhankhar, Prime Minister Shri Narendra Modi, Defence Minister Shri Rajnath Singh, Home Minister Shri Amit Shah and the family… pic.twitter.com/flAH4OqaP1
— President of India (@rashtrapatibhvn) March 31, 2024
1927-ൽ കറാച്ചിയിൽ ജനിച്ച അദ്വാനി 1947-ൽ വിഭജനകാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയ രാഷ്ട്രീയ നേതാവാണ്. 96കാരനായ അദ്വാനി 2002 ജൂൺ മുതൽ മെയ് 2004 വരെ ഉപപ്രധാനമന്ത്രിയായും 1999 ഒക്ടോബർ മുതൽ 2004 മെയ് വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ (1975-77) അദ്വാനി 19 മാസം ബാംഗ്ലൂർ സെൻട്രൽ ജയിലിൽ കിടന്നു. അദ്ദേഹത്തിൻ്റെ എ പ്രിസണേഴ്സ് സ്ക്രാപ്പ്-ബുക്ക് (1977) എന്ന പുസ്തകം ജയിൽ സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളിലൊന്നായി ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടു. ഒന്നിലധികം തവണ ബിജെപി അധ്യക്ഷനായിരുന്നു. ജനതാ പാർട്ടി സർക്കാരിൽ (1977-79) ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായിരുന്നു.
രാമജന്മഭൂമി പ്രക്ഷോഭം നയിച്ച് ബിജെപിക്ക് രാഷ്ട്രീയ ഹിന്ദുത്വയുടെ അടിത്തറ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക സംഭാവന നൽകിയ നേതാവാണ് അദ്വാനി. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ അദ്വാനി പ്രതിചേർക്കപ്പെട്ടിരുന്നു. പിന്നീട് പരമോന്നത നീതിപീഠം അദ്വാനിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
2015-ൽ അദ്വാനിയ്ക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. ഈ വർഷം അഞ്ച് ഭാരതരത്ന അവാർഡുകളാണ് പ്രഖ്യാപിച്ചത്. അദ്വാനിക്ക് പുറമെ മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ, രണ്ട് തവണ ബീഹാർ മുൻ മുഖ്യമന്ത്രിയായിരുന്ന കർപ്പൂരി താക്കൂർ എന്നിവരാണ് മറ്റുള്ളവർ. ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് ഇവരുടെ കുടുംബാംഗങ്ങൾ അവാർഡ് ഏറ്റുവാങ്ങിയിരുന്നു.