'പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം',എം ടിയുടെ ഓർമ്മകളിൽ മമ്മൂട്ടി

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ 2024 ഡിസംബര്‍ 25നായിരുന്നു വിടപറഞ്ഞത്

'പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം',എം ടിയുടെ ഓർമ്മകളിൽ മമ്മൂട്ടി
dot image

എം ടി വാസുദേവൻ നായർ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. എം ടിയുടെ ഓർമ്മകളിൽ മമ്മൂട്ടി പങ്കുവെച്ചസ്ച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം, എന്നും ഓർമ്മകളിൽ' എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. അത്രയേറെ തീവ്രതയേറിയ ​ഗുരു ശിഷ്യ ബന്ധമാണ് മമ്മൂട്ടിക്കും എംടി വാസുദേവൻ നായർക്കും ഇടയിലുണ്ടായിരുന്നത്. ആ ബന്ധം മലയാളികൾക്ക് അത്ര അപരിചിതവുമല്ല.

എംടിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചിരുന്നു. സിനിമാ മോഹം മൊട്ടിട്ട കാലം മുതൽ തന്നെ എംടിയുടെ സിനിമകളും കഥാപാത്രങ്ങളും മമ്മൂട്ടിയെ ത്രസിപ്പിച്ചിരുന്നു. എന്നെങ്കിലും തനിക്ക് അദ്ദേഹത്തിൻ്റെ ഏതെങ്കിലും കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിയുമോ എന്ന് മുഹമ്മദ് കുട്ടി അന്ന് സ്വപനം കണ്ടിരുന്നു. ആ കാലത്തിൽ നിന്ന് എംടിയുടെ പ്രിയപ്പെട്ട മമ്മൂട്ടിയിലേക്ക് എത്തുമ്പോൾ അതിന് ഒരായുസ്സിൻ്റെ കഥയുണ്ട് പറയാൻ.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ 2024 ഡിസംബര്‍ 25നായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.

Content Highlights: Mammootty remembers M. T. Vasudevan Nair on his first death anniversary

dot image
To advertise here,contact us
dot image