ഒരു കോടിയിലധികം വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാന്‍ഡര്‍ ഉള്‍പ്പെടെ ആറ് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയില്‍ അവശേഷിക്കുന്ന വളരെ കുറച്ച് പേരില്‍ ഒരാളായിരുന്നു ഗണേഷ് ഉയ്‌കെ

ഒരു കോടിയിലധികം വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാന്‍ഡര്‍ ഉള്‍പ്പെടെ ആറ് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
dot image

ഹൈദരാബാദ്: ഒഡീഷയില്‍ തെലുങ്ക് മാവോയിസ്റ്റ് കമാന്‍ഡറെ കൊലപ്പെടുത്തി സുരക്ഷാ സേന. 1.1 കോടി രൂപ വിലയിട്ടിരുന്ന സിപിഐ(മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവും ഒഡീഷ ഓപ്പറേഷന്റെ തലവനുമായ ഗണേഷ് ഉയ്‌കെ(69)യെ ആണ് സുരക്ഷാ സേന വധിച്ചത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും (ബിഎസ്എഫ്) സെന്ററല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സും(സിആര്‍പിഎഫ്) ചേര്‍ന്നാണ് കന്ദമല്‍ ജില്ലയുടെയും ഗന്‍ജം ജില്ലയുടെയും അതിര്‍ത്തിയായ രംഭാ കാടുകളില്‍ നിന്ന് ഗണേഷ് ഉയ്‌കെയെ കൊലപ്പെടുത്തിയത്. ഗണേഷ് ഉയ്‌കെയെ കൂടാതെ അഞ്ച് മാവോയിസ്റ്റുകളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ സ്ത്രിയാണ്.

കൊല്ലപ്പെട്ടതില്‍ മൂന്ന് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാവിലെ ഒമ്പത് മണിക്കാണ് രംഭാ വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഉച്ചയോടെ ആറ് പേരുടെയും മൃതദേഹം സുരക്ഷാ സേന കണ്ടെടുക്കുകയായിരുന്നു. ഡിസംബര്‍ 23ന് മല്‍കങ്കിരിയിലെ 22 മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

ഒഡീഷയെ നക്‌സല്‍ മുക്തമാക്കുന്നതിന്റെ പടിവാതിലിലെത്തിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും ഡിജിപി വൈ ബി ഖുരണിയയും പ്രതികരിച്ചു. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്നും രണ്ട് ഐഎന്‍എസ്എഎസ് റൈഫിളുകളും 0.303 റൈഫിളും അടക്കം നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മാവേയിസ്റ്റ് കേന്ദ്ര കമ്മിറ്റിയില്‍ അവശേഷിക്കുന്ന വളരെ കുറച്ച് പേരില്‍ ഒരാളായിരുന്നു ഗണേഷ് ഉയ്‌കെ.

പക്ക ഹനുമന്തു, രാജേഷ് തിവാരി, രുപ എന്നീ പേരുകളിലും ഉയ്‌കെ അറിയപ്പെട്ടിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി ദന്ദകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ സുപ്രധാന പങ്ക് വഹിക്കുന്നൊരാളാണ് ഉയ്‌കെ. കേന്ദ്ര നേതൃത്വത്തിനും പ്രാദേശിക യൂണിറ്റുകള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്നൊരാള്‍ കൂടിയാണ് ഉയ്‌കെ.
Content Highlights: 6 Maoists killed in Assam

dot image
To advertise here,contact us
dot image