കേന്ദ്രമന്ത്രി നിസിത് പ്രമാണിക്കിനെതിരെ 14 ക്രിമിനൽ കേസുകൾ

നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്
കേന്ദ്രമന്ത്രി നിസിത് പ്രമാണിക്കിനെതിരെ 14 ക്രിമിനൽ കേസുകൾ

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിൽ കൂച്ച്ബിഹാർ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിസിത് പ്രമാണിക്കിനെതിരെ നിലനിൽക്കുന്നത് 14 ക്രിമിനൽ കേസുകൾ.
നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
ഇതിൽ ഒമ്പതെണ്ണം 2018-നും 2020-നും ഇടയിൽ രജിസ്റ്റർ ചെയ്തവയാണ്.

മറ്റ് കേസുകൾ 2009-നും 2014-നും ഇടയിൽ ഫയൽ ചെയ്തവയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്വതന്ത്രരെ മത്സരിപ്പിച്ച് പാർട്ടി സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ച് 2018-ൽ തൃണമൂൽ കോൺഗ്രസ് നിസിത് പ്രമാണിക്കിനെ പുറത്താക്കിയിരുന്നു. തുടർന്ന് 2019-ലാണ് ബിജെപിയിൽ ചേർന്നത്. കൊലപാതകശ്രമം, കലാപം, ഭവനഭേദനം, അന്യായമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളാണ് കേന്ദ്രമന്ത്രിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതിൽ 12 കേസുകൾ കൂച്ച്ബിഹാർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും രണ്ടെണ്ണം അലിപുർദുവാറിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒരു കേസിലും കുറ്റം ചുമത്തിയിട്ടില്ലെന്ന് അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com