
അട്ടാരി: ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാൻ പാകിസ്താനിലേക്ക് പോയ യുവതി ഇന്ത്യയിൽ തിരിച്ചെത്തി. ഉത്തർപ്രദേശ് സ്വദേശി അഞ്ജു (34) ആണ് പാകിസ്താനിലെ ഖൈബർ പക്തൂൺക്വ സ്വദേശിയായ നസ്റുള്ളയെ വിവാഹം കഴിക്കാൻ ഇന്ത്യ വിട്ടത്. മക്കളെ കാണാനായി അട്ടാരി അതിര്ത്തി വഴി യുവതി കഴിഞ്ഞ ദിവസം ഇന്ത്യയില് തിരിച്ചെത്തി.
ഉത്തർ പ്രദേശിലെ കൈലോർ ഗ്രാമത്തിൽ ജനിച്ച അഞ്ജു രാജസ്ഥാനിലെ ആൾവാറിൽ താമസിക്കവെയാണ് പാകിസ്താനിലേക്ക് പോയത്. 2019ലാണ് നസ്റുള്ളയും അഞ്ജുവും ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായത്. വിവാഹിതയാണ് അഞ്ജു. രണ്ടുമക്കളുണ്ട്. ജൂലൈ 25ന് നസ്റുള്ളയെ അഞ്ജു വിവാഹം കഴിച്ചു. തുടർന്ന് ഇസ്ലാം മതം സ്വീകരിച്ച ഇവർ അഞ്ജു എന്ന പേര് മാറ്റി ഫാത്തിമ എന്ന പേര് സ്വീകരിച്ചുവെന്ന് റിപ്പോർട്ടുകള് പറയുന്നു. ഇപ്പോൾ, നാല് മാസത്തിന് ശേഷമാണ് അഞ്ജു തന്റെ15 വയസ്സുള്ള മകളെയും ആറ് വയസ്സുള്ള മകനെയും കാണാന് ഇന്ത്യയിലേക്ക് മടങ്ങിയെത്തയിരിക്കുന്നത്.
മക്കളെ കണ്ടതിന് ശേഷം അഞ്ജു എന്ന ഫാത്തിമ പാകിസ്താനിലേക്ക് മടങ്ങും എന്നാണ് വിവരം. ഇവരുടെ വിസ പാക് സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. അട്ടാരി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ അഞ്ജു മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചില്ല. സന്തോഷമുണ്ട്. മറ്റൊന്നും പറയാനില്ലെന്നായിരുന്നു അഞ്ജുവിൻ്റെ പ്രതികരണം.
ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേനെയാണ് അഞ്ജു വീടുവിട്ടിറങ്ങിയത്. എന്നാൽ പിന്നീടാണ് അഞ്ജു പാക്കിസ്ഥാനിലാണെന്ന് വീട്ടുകാർ അറിഞ്ഞതെന്നും അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സീമ ഗുലാം ഹൈദറിന്റെ കേസിന് സമാനമാണ് അഞ്ജുവിന്റെ സംഭവവും.