തമിഴ്നാട്ടിൽ മഴ ശക്തം; മേട്ടുപ്പാളയത്ത് ഉരുൾപൊട്ടൽ

ഊട്ടി-മേട്ടുപ്പാളയം പൈതൃക ട്രെയിൻ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ശനിയാഴ്ച വരെ ട്രെയിൻ ഗതാഗതം റദ്ദാക്കി.

dot image

ചെന്നൈ: തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. ചെന്നൈ നഗരത്തില് വിവിധയിടങ്ങളില് വെള്ളക്കെട്ട് രൂപപ്പെട്ടു. മേട്ടുപ്പാളയത്ത് ഉരുൾപൊട്ടലുണ്ടായി. മേട്ടുപ്പാളയം-കോത്തഗിരി റോഡിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. ഊട്ടിമേട്ടുപ്പാളയം പൈതൃക ട്രെയിൻ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ശനിയാഴ്ച വരെ ട്രെയിൻ ഗതാഗതം റദ്ദാക്കി.

മേട്ടുപ്പാളയത്ത് 373 മില്ലിമീറ്റർ റെക്കോർഡ് മഴ ലഭിച്ചു. ചെന്നൈ, നീലഗിരി, കോയമ്പത്തൂർ, ഡിണ്ടിഗൽ, തേനി, പുതുക്കോട്ടൈ, ശിവഗംഗ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. അടുത്ത അഞ്ച് ദിവസം കൂടി തമിഴ്നാട്ടിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പുതുച്ചേരി, കാരയ്ക്കൽ, കർണാടകയുടേയും ആന്ധ്രയുടേയും തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരളത്തിലും അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേര്ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ശക്തമായ മഴയും നീരൊഴുക്കും; ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. പത്തനംതിട്ടയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് തകർന്ന് കൊക്കത്തോട് പ്രദേശം ഒറ്റപ്പെട്ടു. പത്തനംതിട്ടയിൽ കോന്നി-കൊക്കാത്തോട് റോഡിന്റെ ഒരു ഭാഗം തകർന്നതോടെ കൊക്കത്തോട് മേഖലയിലെ 80ഓളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ഒരേക്കർ ഭാഗത്ത് മലവെള്ളപ്പാച്ചിലിൽ ഒരു വീട് പൂർണമായും അഞ്ചു വീടുകൾ ഭാഗികമായും തകർന്നു. തിരുവനന്തപുരത്ത് ശക്തമായ മഴയില് പട്ടം, ഉള്ളൂർ, ആമയിഴഞ്ചാൽ എന്നിവിടങ്ങളിലെ തോടുകൾ കരകവിഞ്ഞതോടെ നഗരത്തിലെ 250ലധികം വീടുകളിലാണ് വെള്ളം കയറിയത്.

dot image
To advertise here,contact us
dot image