
ജെയ്പൂർ: ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകി ബിജെപി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. സമഭാവനയോടെയുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് പാർട്ടി ദേശീയാധ്യക്ഷൻ ജെ പി നദ്ദ വ്യക്തമാക്കി. എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷൻ, നിർധന കുടുംബത്തിലെ പെൺകുഞ്ഞുങ്ങൾക്ക് ഘട്ടം ഘട്ടമായി 2 ലക്ഷം രൂപയുടെ നിക്ഷേപം, എയിംസ് മാതൃകയിൽ ആശുപത്രി തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഗലോട്ടും കുടുംബവും നടത്തിയ അഴിമതി പുറത്ത് കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും പ്രകടനപത്രിക ഉറപ്പ് നൽകുന്നു.
സ്ത്രീകൾക്ക് കെജി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം, സംസ്ഥാനത്തെ കർഷകരുടെ ലേലം ചെയ്ത ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ നഷ്ടപരിഹാര നയം, മാതൃ വന്ദനയുടെ തുക 4,000 രൂപയിൽ നിന്ന് 8,000 രൂപയായി ഉയർത്തും, ലഖ്പതി ദീദി പദ്ധതി പ്രകാരം 6 ലക്ഷത്തിലധികം ഗ്രാമീണ സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം, പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം എല്ലാ പാവപ്പെട്ട കുടുംബങ്ങളിലെയും സ്ത്രീകൾക്ക് 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, അടുത്ത 5 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 2.5 ലക്ഷം തൊഴിൽ രഹിതർക്ക് ജോലി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോമിനും മറ്റും 1200 രൂപ വാർഷിക സഹായം, ഓരോ ഡിവിഷനിലും എയിംസ്, ഐഐടി എന്നിവയുടെ മാതൃകയിൽ രാജസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും മെഡിക്കൽ കോളേജുകളും, ഗോതമ്പ് ഉൽപന്നങ്ങൾ ക്വിന്റലിന് 2,700 രൂപയ്ക്ക് വാങ്ങുകയും എംഎസ്പിയിൽ ബോണസ് നൽകുകയും ചെയ്യും, ലാഡ്ലി പ്രോത്സാഹൻ യോജന ആരംഭിക്കും, ഇതിന് കീഴിൽ ഓരോ പെൺകുട്ടിയുടെയും ജനനത്തിന് 2 ലക്ഷം രൂപ ബോണ്ട് നൽകും, മുഖ്യമന്ത്രിയുടെ സൗജന്യ സ്കൂട്ടി പദ്ധതി പ്രകാരം 12-ാം ക്ലാസ് വിജയിക്കുന്ന മികച്ച വിദ്യാർഥിനികൾക്ക് സ്കൂട്ടർ, രാജസ്ഥാനിലെ പേപ്പർ ചോർച്ചയും മറ്റ് അഴിമതികളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും, എല്ലാ ജില്ലയിലും വനിതാ പൊലീസ് സ്റ്റേഷനുകളും ഓരോ പൊലീസ് സ്റ്റേഷനിലും വനിതാ ഡെസ്ക്ക്, എല്ലാ പ്രധാന നഗരങ്ങളിലും ആന്റി റോമിയോ സ്ക്വാഡുകൾ, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് ലക്ഷം യുവാക്കളെ പരിശീലിപ്പിക്കുന്നതിനും തൊഴിലും സ്വയംതൊഴിൽ അവസരങ്ങളും നൽകുന്നതിനുമായി ടൂറിസം നൈപുണ്യ കോഴ്സുകൾ സൃഷ്ടിക്കും തുടങ്ങിയവയാണ് ബിജെപി പ്രകടന പത്രികയിലെ പ്രധാനവാഗ്ദാനങ്ങൾ. ഇ-മെയിലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഒരു കോടിയിലധികം ആളുകളുടെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ബിജെപിയുടെ പ്രകടനപത്രികയെന്ന് മാനിഫെസ്റ്റോ തയ്യാറാക്കിയ കമ്മിറ്റിയുടെ കൺവീനറായ മേഘ്വാൾ അവകാശപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് കാര്യങ്ങളുടെ പേരിലാണ് കോൺഗ്രസ് പാർട്ടി അറിയപ്പെടുന്നതെന്ന് ജെ പി നദ്ദ പരിഹസിച്ചു. അഴിമതി, സ്ത്രീകളോടുള്ള അനാദരവ്, കർഷകർ അവഗണിക്കപ്പെട്ട സംസ്ഥാനം, വൈദ്യുതിയുടെ നിരക്ക് ഏറ്റവും ഉയർന്നതും പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വാറ്റ് ഉള്ളതുമായ സംസ്ഥാനം, രാജസ്ഥാനിൽ പേപ്പർ ചോർച്ചകളുടെ എണ്ണം റെക്കോർഡുകൾ തകർത്തു എന്നിങ്ങനെയായിരുന്നു നദ്ദയുടെ പരിഹാസം.
പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ കോൺഗ്രസിൻ്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തെ നദ്ദ വിമർശിച്ചു. കേന്ദ്ര പദ്ധതികൾ എടുത്തുകാണിച്ചുകൊണ്ട്, ഈ സംരംഭങ്ങളിലൂടെ കർഷകരെ സഹായിക്കാൻ ബിജെപി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് നദ്ദ അവകാശപ്പെട്ടു. കേന്ദ്രസർക്കാർ നൽകിയ നിയമന കത്തുകൾ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ഏഴ് മാസത്തിനിടെ യുവാക്കൾക്ക് ആറ് ലക്ഷം സർക്കാർ ജോലികൾ നൽകിയെന്നും നദ്ദ അവകാശപ്പെട്ടു. 'മറ്റ് പാർട്ടികൾക്ക് പ്രകടന പത്രിക ഒരു ഔപചാരികത മാത്രമാണ്. എന്നാൽ ബിജെപിക്ക് ഇത് വികസനത്തിനുള്ള വഴികാട്ടിയാണ്. അതിനാൽ ഈ 'സങ്കൽപ് പത്ര' എന്നത് വെറുതെ എഴുതിവെച്ച വാക്കുകൾ മാത്രമല്ല, അത് നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'- ജെ പി നദ്ദ പറഞ്ഞു. വസുന്ധര രാജ സിന്ധ്യ ഉൾപ്പെടെയുള്ള നേതാക്കൾ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്തു.