വിദ്യാർത്ഥികളുടെ കൊലപാതകം; മണിപ്പൂരിൽ ഇന്റര്‍നെറ്റിന് വിലക്ക്

വിദ്യാര്‍ത്ഥികളെ കാണാതായ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കവെയാണ് കുട്ടികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്
വിദ്യാർത്ഥികളുടെ കൊലപാതകം; മണിപ്പൂരിൽ ഇന്റര്‍നെറ്റിന് വിലക്ക്

ഇംഫാൽ: രണ്ടു വിദ്യാർത്ഥികൾ കൊലപ്പെട്ട സംഭവത്തെ തുടർന്ന് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മണിപ്പൂരിൽ വീണ്ടും ഇന്റര്‍നെറ്റിന് വിലക്ക് ഏർപ്പെടുത്തി. ഒക്ടോബർ ഒന്ന് വരെയാണ് വിലക്ക്. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥികളുടെ ഫോട്ടോ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. മെയ്തി, കുക്കി സംഘർഷം വ്യാപകമായതിനെ തുടർന്ന് ഇന്റര്‍നെറ്റിന് വിലക്ക് ഏർപ്പെടുത്തിയത് സർക്കാർ അഞ്ച് മാസത്തിന് ശേഷം എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്റര്‍നെറ്റ് വിലക്കിയത്.

മെയ്തി വിഭാഗത്തില് നിന്നുള്ള ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നീ വിദ്യാർത്ഥികളുടെ ഫോട്ടോകളാണ് പുറത്ത് വന്നത്. കാടിനുള്ളില്‍ ഒരു സായുധ സംഘത്തിന്റെ താല്‍ക്കാലിക ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് പുല്‍ത്തകിടി വളപ്പില്‍ ഇരുവരും ഇരിക്കുന്ന ഫോട്ടോയും മരിച്ച നിലയില്‍ കിടക്കുന്ന ഫോട്ടോയുമാണ് സാമൂഹികമാധ്യമത്തിലൂടെ പ്രചരിച്ചത്. സംഭവത്തില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ കാണാതായ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കവെയാണ് കുട്ടികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ഇതിനിടെ വിദ്യാര്‍ത്ഥികളെ കാണാതായി മാസങ്ങൾ കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണം നടത്താത്ത പൊലീസ് നടപടിക്കെതിരെ ഇതിനകം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജൂലൈയില്‍ ഇവരെ കാണാതായതിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങള്‍ പതിഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെ പിന്തുടര്‍ന്ന് ഇരുവരെയും കണ്ടെത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി.

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ചിത്രത്തില്‍ വിദ്യാര്‍ത്ഥികളുടെ പിന്നില്‍ തോക്കുമായി നില്‍ക്കുന്നവരെ തിരിച്ചറിയുന്നതിനായി പൊലീസ് അത്യാധുനിക സൈബര്‍ ഫൊറന്‍സിക് സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നാണ് വിവരം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ തിരോധാനം സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറായി ആരും മുന്നോട്ടുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കുമെതിരെ വേഗത്തിലുള്ള നിര്‍ണായക നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com