
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ഡീയസ് ഈറേ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. 'ദി ഡേ ഓഫ് റോത്ത്' എന്ന് ടാഗ് ലൈൻ നൽകിയിരിക്കുന്ന സിനിമ സംവിധായകന്റെ മുൻസിനിമകൾ പോലെ വ്യത്യസ്തമായ ഴോണറിലായിരിക്കും കഥ പറയുക എന്ന സൂചനയാണ് നൽകുന്നത്.
കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസും നെറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുക ഷഫീക് മുഹമ്മദ് അലി ആണ്. പ്രശസ്ത ആര്‍ട്ട് ഡയറക്റ്റര്‍ ആയ ജ്യോതിഷ് ശങ്കര്‍ ആണ് സിനിമയുടെ കലാസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന് ക്രിസ്റ്റോ സേവിയര്‍ ആണ് സിനിമയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.
ഭ്രമയുഗം, ഭൂതകാലം എന്നീ സിനിമകള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രം ഏത് ഴോണറിലുള്ള ഹൊററായിരിക്കും പറയുക എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഫീല്‍ ഗുഡ്, ആക്ഷന്‍ ഴോണറികളിലാണ് പ്രണവ് മോഹന്‍ലാല്‍ ഇതുവരെ അഭിനയിച്ചിട്ടുള്ളത്. നടന്റെ കരിയറിലെ വ്യത്യസ്തമായ ചിത്രവും പെര്‍ഫോമന്‍സുമായിരിക്കും ഇതെന്നാണ് സൂചനകള്‍.
എമ്പുരാനിലാണ് പ്രണവ് മോഹന്‍ലാല്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പക്കാലമായിരുന്നു നടന്‍ സ്‌ക്രീനിലെത്തിച്ചത്. വളരെ കുറഞ്ഞ നിമിഷങ്ങള്‍ മാത്രമായിരുന്നു പ്രണവ് എമ്പുരാനിലുണ്ടായിരുന്നത്. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിലായിരിക്കും പ്രണവിനെ കൂടുതലായി കാണാന്‍ കഴിയുക എന്നാണ് കരുതപ്പെടുന്നത്.
Content Highlights: Pranav Mohanlal and Rahul Sadasivan movie title announced