പഞ്ചാബിലെ പാക് ആക്രമണം; തെളിവായി ഇന്ത്യ തകർത്ത മിസൈലുകളുടെയും ഷെല്ലുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തി

ഹോഷിയാർപൂരിലെ കുന്നിൻ പ്രദേശത്തുനിന്ന് ഒരു മിസൈൽ കണ്ടെത്തിയതിനെ തുടർന്ന് പഞ്ചാബ് പൊലീസ് സ്ഥലത്തെത്തി

dot image

ചണ്ഡീഗഡ്: പഞ്ചാബിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പാകിസ്താൻ മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പഞ്ചാബ് അടക്കം രാജ്യത്തിൻ്റെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം പാകിസ്താൻ തൊടുത്ത മിസൈലുകളും ഡ്രോണുകളും ഇന്ത്യ വിജയകരമായി വെടിവച്ചിട്ടിരുന്നു. ഇവയുടെ അവശിഷ്ടങ്ങളാണ് പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിൽ ചിതറിക്കിടക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹോഷിയാർപൂരിലെ കുന്നിൻ പ്രദേശത്തുനിന്ന് ഒരു മിസൈൽ കണ്ടെത്തിയതിനെ തുടർന്ന് പഞ്ചാബ് പൊലീസ് സ്ഥലത്തെത്തിയെന്നാണ് റിപ്പോർട്ട്. ഭട്ടിൻഡയിലെ ബീഡ് തലാബിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അമൃത്സറിൽ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരന്നതായി നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താൻ മിസൈലുകളും ഡ്രോണുകളും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടതിൻ്റെ സ്ഫോടനങ്ങൾ കേട്ടതായാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ വിവിധ സ്ഥലങ്ങളെ ലക്ഷ്യമിട്ട് പാകിസ്താൻ തൊടുത്തുവിട്ട ഡ്രോണുകളെയും മിസൈലുകളെയും ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. 'പാകിസ്താൻ ആക്രമണങ്ങൾക്ക് തെളിവായി നിരവധി സ്ഥലങ്ങളിൽ നിന്ന് ഈ ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോൾ കണ്ടെടുക്കുന്നു'ണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാണിച്ചിരുന്നു.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾക്കെതിരെ നടന്ന ഓപ്പറേഷൻ സിന്ദൂരയ്ക്ക് പിന്നാലെ തിരിച്ചടിയ്ക്കുമെന്ന് പാകിസ്താൻ മുന്നറിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ അതിർത്തി പ്രദേശങ്ങളിൽ സൈന്യം അതീവ ജാഗ്രതയിലായിരുന്നു. വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും പാകിസ്താൻ തൊടുത്ത് വിട്ടിരുന്നു. ഇവയെല്ലാം നിർവീര്യമാക്കിയതായും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചിരുന്നു. സംഘർഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമത്തിനും ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlights: Missile, debris, shells found in Punjab's Hoshiarpur, Bathinda amid Pak attack

dot image
To advertise here,contact us
dot image