'ഷൂട്ടിങ്ങിനിടെയല്ല അഭിനേതാവ് മുങ്ങി മരിച്ചത്'; വിശദീകരണവുമായി കാന്താര നിർമാതാക്കൾ

വൈക്കം സ്വദേശിയായ എം എഫ് കപിലനായിരുന്നു നദിയില്‍ മുങ്ങിമരിച്ചത്

dot image

കാന്താര 2വിലെ അഭിനേതാവായ മലയാളി യുവാവ് കൊല്ലൂരിലെ സൗപര്‍ണിക നദിയില്‍ മുങ്ങിമരിച്ചതില്‍ വിശദീകരണവുമായി നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്. സിനിമയുടെ ചിത്രീകരണത്തിനിടയിലല്ല യുവാവിന്റെ മരണമെന്നും ദാരുണസംഭവം നടന്ന ദിവസം ചിത്രീകരണം ഇല്ലായിരുന്നു എന്നും നിർമാതാക്കൾ അറിയിച്ചു. വൈക്കം സ്വദേശിയായ എം എഫ് കപിലനായിരുന്നു നദിയില്‍ മുങ്ങിമരിച്ചത്.

'ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എം എഫ് കപിലിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും അനുശോചനം അറിയിക്കുന്നു. എന്നാൽ സിനിമയുടെ സെറ്റിൽ വച്ചല്ല സംഭവം നടന്നത് എന്ന് വിനയപൂര്‍വ്വം വ്യക്തത വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്,' ഹോംബാലെ ഫിലിംസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

'സംഭവം നടന്ന ദിവസം ചിത്രീകരണം ഉണ്ടായിരുന്നില്ല. വ്യക്തിപരമായ കാര്യങ്ങൾക്കിടെയാണ് ദാരുണ സംഭവമുണ്ടായത്. ചിത്രവുമായി യാതൊരു ബന്ധവും അതിനുണ്ടായിരുന്നില്ല. ഈ ദാരുണ സംഭവത്തെ ചിത്രവുമായോ അതിന്റെ അണിയറ പ്രവര്‍ത്തകരുമായോ ബന്ധിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനിൽക്കണമെന്ന് അഭ്യർഥിക്കുന്നു,' ഹോംബാലെ ഫിലിംസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. സിനിമയുടെ ഷൂട്ടിങ്ങിനായി വൈക്കത്ത് നിന്നും പോയ സഹപ്രവർത്തകരുമായി പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെ യുവാവ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ മുങ്ങിയെടുത്ത് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ടെലിഫിലിമുകളിൽ കപിൽ അഭിനയിച്ചിട്ടുണ്ട്. കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനാണ് മൂകാംബികയിൽ എത്തിയത്. തെയ്യം കലാകാരനാണ്.

Content Highlights: Hombale Films clarifiction on for Kantara 2 crew member death

dot image
To advertise here,contact us
dot image