
അതിർത്തിയിൽ തുടരുന്ന ഇന്ത്യ പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. കളിക്കാരുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘർഷം ക്രിക്കറ്റ് ലോകത്തെയും ബാധിച്ചിരുന്നു. തത്ഫലമായി ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു.
ഐപിഎല്ലില്‍ ഡൽഹിക്കെതിരെ പഞ്ചാബിന്റെ ബാറ്റിങിനിടെയാണ് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്‍റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫാക്കി. ഉടൻ മത്സരവും നിർത്തിവച്ചു. പതിനായിരക്കണക്കിന് ആരാധകരോട് ഉടൻ ഗ്രൗണ്ട് വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. താരങ്ങളെ ഉടൻ തന്നെ പ്രത്യേക ട്രെയിൻ വഴി സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു -ലഖ്‌നൗ സൂപ്പർ ജയൻറ്സ് മത്സരം നടക്കാനിരിക്കെയാണ് ബിസിസിഐ അടിയന്തര യോഗം നടത്തിയതും അനിശ്ചിത കാലത്തേക്ക് മാറ്റിവയ്ക്കുന്നതായി തീരുമാനിക്കുന്നതും.
In this hour of national crisis, we salute the unwavering courage and bravery of our Indian Armed Forces, and pray for the safety of everyone in India.
— Royal Challengers Bengaluru (@RCBTweets) May 9, 2025
Jai Hind. 🇮🇳🙏 pic.twitter.com/TrNOmhRMHx
നേരത്തേയും ഇതുസംബന്ധിച്ച സൂചനയുണ്ടായിരുന്നുവെങ്കിലും സർക്കാരിന്റെ തീരുമാനത്തിന് വേണ്ടി ബിസിസിഐ കാത്തിരിക്കുയായിരുന്നു. പാകിസ്താനുമായുള്ള സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെ കൂടുതൽ റിസ്ക് എടുക്കേണ്ടതില്ല എന്ന നിലപാടിലേക്കാണ് സർക്കാർ എത്തിയത്. നേരത്തെ ചില വിദേശ താരങ്ങളും ആശങ്കയറിയിച്ച് ഐപിഎൽ ഫ്രാഞ്ചൈസികളെ സമീപിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തീരുമാനം. നേരത്തെ ഐപിഎൽ മത്സരം നടക്കുന്ന പല സ്റ്റേഡിയങ്ങളിലേക്കും വ്യാജ ബോംബ് ഭീഷണിയും ഈ ദിവസങ്ങളിൽ ലഭിച്ചിരുന്നു.
അതേസമയം ഇന്ത്യയുമായുള്ള സംഘർഷത്തിൽ വലിയ തിരിച്ചടികൾ നേരിടുമ്പോഴും പാകിസ്താൻ ആഭ്യന്തര ലീഗായ പിഎസ്എൽ, യുഎഇ യിൽ വെച്ച് നടത്തുമെന്നാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. കഴിഞ്ഞ ദിവസം പാക്സിതാനിലെ പ്രധാന സ്റ്റേഡിയത്തിലൊന്നായ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഭാഗിമായി തകർന്നിരുന്നു.
2020 ൽ കോവിഡ് ഭീഷണി മൂലം ദുബായിയിലും 2014 ൽ തിരഞ്ഞെടുപ്പ് മൂലം സൗത്ത് ആഫ്രിക്കയിലും ഐപിഎൽ നടത്തിയ ചരിത്രമുള്ള ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആകട്ടെ ആദ്യം രാജ്യം, പിന്നീട് കളി എന്ന നിലപാടാണ് സ്വീകരിച്ചത്. അതിർത്തിയിലും മറ്റും സേന വിഭാഗങ്ങൾ രാജ്യത്തിന്റെ അഭിമാനപോരാട്ടത്തിൽ ജീവൻ പണയം വെച്ച് പോരാട്ടം നടത്തുമ്പോൾ കളി നടത്തി ചെറുതാകേണ്ട എന്ന തീരുമാനത്തിന് ലീഗിലെ ഫ്രാഞ്ചൈസികളിൽ നിന്നും താരങ്ങളിൽ നിന്നും പരിപൂർണ പിന്തുണയും ലഭിച്ചു.
Content Highlights: First the country; then the game;BCCI's unwillingness to move the IPL to other countries?