
മലപ്പുറം: നിപ ബാധിച്ച യുവതിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. യുവതിയുടെ സമ്പർക്കപ്പട്ടികയിൽ 49 പേരാണുള്ളത്. അതിൽ ആറ് പേർക്ക് രോഗലക്ഷണങ്ങളുണ്ട്. 49 പേരുടെ സമ്പർക്കപ്പട്ടികയിൽ 45 പേർ ഹൈറിസ്ക് കാറ്റഗറിയിൽപ്പെടുന്നവരാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ അഞ്ച് പേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ ഉണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 25-ാം തീയതിയാണ് യുവതിക്ക് പനി തുടങ്ങിയത്. തുടർന്ന് 26ന് വളാഞ്ചേരിയിലുള്ള ക്ലിനിക്കിൽ ചികിത്സ തേടി. 27 ന് വീട്ടിൽ തുടർന്നു. 28ന് വളാഞ്ചേരിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. 29ന് ലാബിലും വളാഞ്ചേരിയിലെ ക്ലിനിക്കിലും പോയി. 30നും ഇതേ ലാബിൽ പരിശോധനയ്ക്ക് എത്തി. തൊട്ടടുത്ത ദിവസം വളാഞ്ചേരിയിലെ ലാബിലും ക്ലിനിക്കിലും പോയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
രോഗലക്ഷണങ്ങളുള്ളവർക്ക് നിലവിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. സമ്പർക്കപ്പട്ടികയിലുള്ള മറ്റുള്ളവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചുവരികയാണ്
content highlights : Nipah; The health condition of the young woman remains critical