
ഡല്ഹി: പ്രത്യേക പാര്ലമെന്റ് സമ്മേളനത്തിന് തുടക്കം. സ്പീക്കര് ഓം ബിര്ളയുടെ അഭിസംബോധനയോടെയാണ് ലോക്സഭാ സമ്മേളനത്തിന് തുടക്കം കുറിച്ചത്. പ്രതിപക്ഷ ബഹളത്തോടെയാണ് സമ്മേളനത്തിനം ആരംഭിച്ചത്. ലോക്സഭയിലാണ് പ്രതിപക്ഷം ബഹളം വച്ചത്. ജി20യുടെ നേട്ടങ്ങള് സര്ക്കാരിന്റെ നേട്ടമായി ചൂണ്ടിക്കാണിക്കുന്നതായിരുന്നു സ്പീക്കറുടെ അഭിസംബോധന പ്രസംഗം. ജി20 സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പില് സഭയുടെ അഭിനന്ദനം സ്പീക്കര് രേഖപ്പെടുത്തി.
സമ്മേളനത്തിന് വിജയകരമായി നേതൃത്വം നല്കിയ പ്രധാനമന്ത്രിയെയും സ്പീക്കര് പ്രകീര്ത്തിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില് ഇന്ത്യയ്ക്ക് ലോകവേദിയില് ലഭിച്ച സ്വീകാര്യതയുടെ ഉദാഹരണമാണ് ജി20യെന്ന് സ്പീക്കര് ചൂണ്ടിക്കാണിച്ചു. ഗ്ലോബല് സൗത്തിന്റെ ശബ്ദമായി ഇന്ത്യയ്ക്ക് മാറാന് സാധിച്ചുവെന്നും സ്പീക്കര് ചൂണ്ടിക്കാണിച്ചു. നരേന്ദ്രമോദിയുടെ കാഴ്ചപ്പാടോടെയുള്ള നേതൃത്വം ജി 20യുടെ വിജയത്തില് ഘടകമായെന്ന് ഓ ബിര്ള പ്രകീര്ത്തിച്ചു. ജി20യുടെ ന്യൂഡല്ഹി പ്രസ്താവനയിലെ വൈകാരിക വിഷയങ്ങളില് മോദിയുടെ 'ദര്ശനവും മാര്ഗനിര്ദേശവും' സമവായം ഉണ്ടാക്കിയതായും ബിര്ള പറഞ്ഞു.
പാര്ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില് പങ്കെടുക്കാന് ഇന്ഡ്യ സഖ്യം നേരത്തെ തീരുമാനിച്ചിരുന്നു. അടുത്തിടെ സമാപിച്ച മണ്സൂണ് സെഷനില് പ്രതിപക്ഷം സഭ തുടര്ച്ചയായി ബഹിഷ്കരിച്ചിരുന്നു. മണിപ്പൂര് വിഷയത്തില് സഭ നിര്ത്തിവെച്ച് ചര്ച്ച വേണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. പാര്ലമെന്ററി കാര്യ ചുമതലയുള്ള മന്ത്രി പ്രഹ്ളാദ് ജോഷി പ്രതിപക്ഷത്തോട് പാര്ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില് പങ്കെടുക്കണമെന്ന് അഭ്യര്ത്ഥിച്ചിരുന്നു.
പ്രത്യേക പാര്ലമെന്റ് സമ്മേളനത്തില് ചരിത്രപരമായ തീരുമാനങ്ങള് ഉണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. വിനായക ചതുര്ഥി ദിവസം പാര്ലമെന്റിന്റെ പുതിയ കെട്ടിടത്തില് പാര്ലമെന്റ് സമ്മേളിക്കുമെന്നും പാര്ലമെന്റ് പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച പ്രധാനമന്ത്രി വ്യക്തമാക്കി.