മോദി-മുഹമ്മദ് ബിന്‍ സല്‍മാൻ കൂടിക്കാഴ്ച; എട്ട് കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും സൗദിയും

ഇരു രാജ്യങ്ങളും തമ്മിൽ നിക്ഷേപം, സുരക്ഷ, ഊര്‍ജ്ജം തുടങ്ങി വിവിധ മേഖലകളിൽ ചര്‍ച്ചകള്‍ നടന്നു
മോദി-മുഹമ്മദ് ബിന്‍ സല്‍മാൻ കൂടിക്കാഴ്ച; എട്ട് കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും സൗദിയും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ എട്ട് പുതിയ കരാറുകളിൽ ഒപ്പിട്ട് ഇന്ത്യയും സൗദി അറേബ്യയും. സംയുക്ത എണ്ണ പര്യവേഷണത്തിന് കർമസമിതി രൂപീകരിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. ഡൽഹി ഹൈദരാബാദ് ഭവനിൽ നടന്ന കുടിക്കാഴ്ചയിലാണ് കരാറുകളിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങളും തമ്മിൽ നിക്ഷേപം, സുരക്ഷ, ഊര്‍ജ്ജം തുടങ്ങി വിവിധ മേഖലകളിൽ ചര്‍ച്ചകള്‍ നടന്നു.

സിനിമ നിർമാണരംഗത്ത് ഇന്ത്യ- സൗദി സഹകരണം, സംയുക്ത എണ്ണ പര്യവേഷണത്തിന് കർമസമിതി രൂപീകരിക്കൽ എന്നിവയിൽ തീരുമാനം എടുത്തു. ഇരു രാജ്യങ്ങളും തമ്മിൽ സ്വന്തം കറൻസിയിൽ വ്യാപാരം നടത്തുന്നത് ചർച്ചയായി. നിക്ഷേപ കരാർ ധാരണാപത്രങ്ങൾ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യ - ഗൾഫ് - യുറോപ്പ് സാമ്പത്തിക ഇടനാഴിക്ക് എല്ലാ പിന്തുണയും സൗദി ഉറപ്പ് നൽകി. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും സഹകരണം തുടരും. രാവിലെ രാഷ്ട്രപതി ഭവനിൽ എത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ ദ്രൗപതി മുർമു, നരേന്ദ്ര മോദി എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഇതിനിടെ ഇന്ത്യ - അമേരിക്ക ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ ജോ ബൈഡനെ ഇന്ത്യയില്‍ പത്രസമ്മേളനം നടത്താന്‍ അനുവദിച്ചില്ല എന്ന്‌ ആരോപിച്ച് കോൺഗ്രസ് രംഗത്ത് വന്നു. ബൈഡൻ വിയറ്റ്‌നാമിൽ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ജയറാം രമേശിന്റെ വിമർശനം. മനുഷ്യവകാശങ്ങൾ, മാധ്യമ സ്വാതന്ത്ര്യം, തുടങ്ങിയ വിഷയങ്ങള്‍ മോദിയുമായി സംസാരിച്ചിരുന്നു എന്ന്‌ ബൈഡൻ പറയുന്ന വീഡിയോ സമൂഹ മാധ്യമം എക്സിൽ (ട്വിറ്ററിൽ) ജയറാം രമേശ് പങ്കുവെച്ചു. അതേസമയം ജി 20 വിജയത്തെ അഭിനന്ദിച്ച് ശശി തരൂർ എംപി രംഗത്ത് വന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com