
മുംബൈ: തുടര്ച്ചയായ രണ്ടാം ദിനവും എന്സിപി മേധാവി ശരദ് പവാറിനെ കാണാനെത്തി അജിത് പവാറും വിമത എംഎല്എമാരും. പാര്ട്ടി പിളരരുതെന്ന ആവശ്യമാണ് ഇന്നും ശരദ് പവാറിനോട് നേതാക്കള് ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാല് പവാര് പ്രതികരിച്ചില്ല.
'പാര്ട്ടി പിളരരുതെന്ന് ഞങ്ങള് ശരദ് പവാറിനോട് ആവശ്യപ്പെട്ടു. അദ്ദേഹം വിഷയം കേട്ടിട്ടുണ്ട്. പക്ഷെ പ്രതികരിച്ചില്ല. ശരദ് പവാറിന്റെ മനസ്സില് എന്താണെന്ന് അറിയില്ല.' കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഫുല് പട്ടേല് പ്രതികരിച്ചു. മുംബൈയിലെ വൈബി ചവാന് സെന്ററില് വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
ഞായറാഴ്ച്ചയും നേതാക്കള് ശരദ് പവാറിനെ കാണാനെത്തിയിരുന്നു. ദൈവത്തില് നിന്നും അനുഗ്രഹം വാങ്ങാനെത്തിയതാണെന്നായിരുന്നു കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഫുല് പട്ടേല് പ്രതികരിച്ചത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയില് എന്സിപി പിളരരുതെന്ന ആവശ്യവും നേതാക്കള് ഉന്നയിച്ചിരുന്നു. എന്നാല് കഴിഞ്ഞ ദിവസവും നേതാക്കളെ കേള്ക്കുകയല്ലാതെ ശരദ് പവാര് പ്രതികരിച്ചിരുന്നില്ല.
2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ പാര്ട്ടികളുടെ ഐക്യയോഗം ബെംഗ്ളൂരുവില് പുരോഗമിക്കുന്നുണ്ട്. അതിന് പുറമേ നാളെ ഡല്ഹിയില് എന്ഡിഎ യോഗവും നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്കൂടിയാണ് പാര്ട്ടി വിട്ട നേതാക്കള് ശരദ് പവാറിനെ കാണാനെത്തുന്നത്.
എന്നാല് ബിജെപിയെ പിന്തുണക്കില്ലെന്ന് വിമത എംഎല്എമാര് പോയതിന് പിന്നാലെ ശരദ് പവാർ പ്രതികരിച്ചിരുന്നു. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെ പിന്തുണക്കരുത്. മതേതരത്വവും ജനാധിപത്യവും സമത്വവും ഉയര്ത്തിപ്പിടിക്കണമെന്നും ശരദ് പവാര് പറഞ്ഞു.