Top

ബ്രോ ഡാഡിയിലെ ആദ്യഗാനമെത്തി; 'പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയ ഒരു ഫീൽ'

മോഹൻലാലിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

13 Jan 2022 1:19 PM GMT
ഫിൽമി റിപ്പോർട്ടർ

ബ്രോ ഡാഡിയിലെ ആദ്യഗാനമെത്തി; പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയ ഒരു ഫീൽ
X

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ബ്രോ ഡാഡി'യിലെ ആദ്യഗാനമെത്തി. 'പറയാതെ വന്നെൻ' എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്. സിനിമ ജനുവരി 26ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കും.

എംജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ എന്നിവരാണ് ഗാനത്തിൽ ഉള്ളത്. പൃഥ്വിരാജിന്റെ ഭാഗങ്ങൾ വിനീതും മോഹൻലാലിൻറെ ഭാഗങ്ങൾ എംജി ശ്രീകുമാറുമാണ് ആലപിച്ചിരിക്കുന്നത്.

ഗാനത്തിലെ മോഹൻലാലിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. 'ലാലേട്ടന്റെ എനർജിറ്റിക്ക് പെർഫോമൻസ് തന്നെ കാണാം', 'പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയ ഒരു ഫീൽ' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിൻറെ നിർമ്മാണം. ലാലു അലക്‌സ്, കനിഹ, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചിത്രത്തിന്റെ റിലീസ് തീയതിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശ്രീജിത്ത്ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഫാമലി ഡ്രാമയാണ്. മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്നത്. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Next Story