Top

'ഗോഡ്ഫാദറില്‍' ബോബി ബിജു മേനോന്‍?; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

24 Aug 2021 4:10 AM GMT
ഫിൽമി റിപ്പോർട്ടർ

ഗോഡ്ഫാദറില്‍ ബോബി ബിജു മേനോന്‍?; ആഘോഷമാക്കി സോഷ്യല്‍ മീഡിയ
X


മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്കു റീമേക്കില്‍ ബിജു മേനോന്‍ പ്രധാന വേഷം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ വിവേക് ഒബ്രോയ് ചെയ്ത ബോബി എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. നിലവില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. എങ്കിലും ഇക്കാര്യം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി സിനിമ ഗ്രൂപ്പുകള്‍ ബിജു മേനോന്‍ ബോബിയാവുന്നു എന്ന വിവരം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം തെലുങ്ക് റീമേക്കിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഗോഡ്ഫാദര്‍ എന്നാണ് ചിത്രത്തിന്റെ പേര്. തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയാണ് ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രമായി തെലുങ്കില്‍ സല്‍മാന്‍ ഖാന്‍ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
നയന്‍താരയാണ് ചിത്രത്തില്‍ സ്റ്റീഫന്റെ പ്രണയിനിയാവുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യറിന് പകരമായിരിക്കും നയന്‍താര. അതേസമയം ലൂസിഫറിന്റെ തെലുങ്കു പതിപ്പിനെ റീമെയ്ക്ക് എന്ന് വിളിക്കാനാകില്ലെന്ന് നേരത്തെ സംവിധായകന്‍ മോഹന്‍രാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫറിനെ തനിക്ക് ഇഷ്ടമായി. അതിനാല്‍ സിനിമ ചിരഞ്ജീവിക്ക് വേണ്ടി അഡാപ്പ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും മോഹന്‍രാജ പറഞ്ഞിരുന്നു.
മോഹന്‍ലാല്‍ നായകനായ 'ലൂസിഫര്‍' മലയാളത്തിലും തമിഴിലുമാണ് പുറത്തിറങ്ങിയത്. ടൊവിനോ തോമസ്, പൃഥ്വിരാജ്, വിവേക് ഒബ്രോയ്, മഞ്ജു വാര്യര്‍, സാനിയ ഈയപ്പന്‍, ഇന്ദ്രജിത്, സായിക്കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.
Next Story