സാലറി അക്കൗണ്ടിലൂടെ ഈ ഇടപാടുകളും നടത്താറുണ്ടോ; ശ്രദ്ധിച്ചോ.. ഇല്ലെങ്കില്‍ സ്നേഹക്ക് കിട്ടിയ പോലുള്ള പണികിട്ടും

ഡിജിറ്റൽ ഇടപാടുകളെന്നല്ല, കമ്പ്യൂട്ടറുകൾ വരുന്നതിനു മുമ്പു പോലും അക്കൗണ്ട് മരവിപ്പിക്കൽ ഉണ്ടായിരുന്നു

സാലറി അക്കൗണ്ടിലൂടെ ഈ ഇടപാടുകളും നടത്താറുണ്ടോ; ശ്രദ്ധിച്ചോ.. ഇല്ലെങ്കില്‍ സ്നേഹക്ക് കിട്ടിയ പോലുള്ള പണികിട്ടും
അമിത് കുമാർ പി
6 min read|26 Dec 2025, 01:14 pm
dot image

അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കുകൾക്ക് അവകാശമുണ്ടോ? എന്താണ് അക്കൗണ്ട് മരവിപ്പിക്കൽ? ആരാണ് ഇങ്ങനെ മരവിപ്പിക്കുന്നത്? അക്കൗണ്ട് മരവിപ്പിച്ചാൽ എന്തു സംഭവിക്കും? മരവിപ്പിക്കൽ ഒഴിവാക്കാൻ എന്താണു ചെയ്യേണ്ടത്? അക്കൗണ്ട് മരവിപ്പിച്ചുപോയാൽ, തിരികെ സജീവമാക്കുന്നത് എങ്ങനെ? എന്നുതുടങ്ങി അനേകം ചോദ്യങ്ങളാണ് അക്കൗണ്ട് മരവിപ്പിക്കലുമായി ബന്ധപ്പെട്ട് കേൾക്കാറ്.

അക്കൗണ്ട് മരവിപ്പിക്കൽ എന്നാൽ എന്താണെന്ന് അറിയാത്തവരുണ്ടെങ്കിൽ ചെറുതായൊന്ന് വിശദീകരിക്കാം. അക്കൗണ്ടിൽ ഇടപാടുകൾ നടത്താനുള്ള സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നതിനെയാണ് അക്കൗണ്ട് മരവിപ്പിക്കൽ എന്നു പറയുന്നത്. ഇത് മൂന്നുരീതിയിൽ ചെയ്യാറുണ്ട്; ഡെബിറ്റ് ഫ്രീസ്, ക്രെഡിറ്റ് ഫ്രീസ് അല്ലെങ്കിൽ കംപ്ലീറ്റ് ഫ്രീസ്. ഡെബിറ്റ് ഫ്രീസ് ചെയ്ത അക്കൗണ്ടിൽ പണം നിക്ഷേപിക്കാനാവുമെങ്കിലും പിൻവലിക്കാനാവില്ല. ക്രെഡിറ്റ് ഫ്രീസിലാണെങ്കിൽ പണം പിൻവലിക്കാം, പക്ഷേ നിക്ഷേപിക്കാനാവില്ല. കംപ്ലീറ്റ് ഫ്രീസ് ആണെങ്കിൽ നിക്ഷേപിക്കാനും പിൻവലിക്കാനുമാവില്ല. ഡിജിറ്റൽ ഇടപാടുകൾ സാധാരണയായതിനെ തുടർന്നാണ് അക്കൗണ്ട് മരവിപ്പിക്കൽ തുടങ്ങിയതെന്ന് പലരും പറയാറുണ്ട്.

പക്ഷേ, ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചതും അക്കൗണ്ട് മരവിപ്പിക്കലും തമ്മിൽ നേരിട്ട് ഒരു ബന്ധവുമില്ല എന്നതാണു വാസ്തവം.

ഡിജിറ്റൽ ഇടപാടുകളെന്നല്ല, കമ്പ്യൂട്ടറുകൾ വരുന്നതിനു മുമ്പു പോലും അക്കൗണ്ട് മരവിപ്പിക്കൽ ഉണ്ടായിരുന്നു. ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെയോ കോടതിയുടെയോ പോലീസിൻ്റെയോ ഒക്കെ നിർദ്ദേശമനുസരിച്ചായിരുന്നു അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നത്. ഇന്നും അങ്ങനെ തന്നെയാണ് പൊതുവെ കാര്യങ്ങൾ. പക്ഷേ പണ്ടില്ലാത്ത ഒന്നുരണ്ടു കാര്യങ്ങൾ ഇന്നുണ്ട്.അതെന്താണെന്ന് കൃത്യമായി മനസിലാവാൻ ഒരു കഥ പറയാം.

ഒരു സാങ്കൽപ്പിക കഥാപാത്രമായ സ്നേഹയാണ് ഈ കഥയിലെ നായിക.

മെട്രോ സ്റ്റേഷനിൽ നിന്ന് ഓഫീസിലേക്ക് പതിവുപോലെ രാവിലെ ഓട്ടോറിക്ഷ പിടിച്ചതാണു സ്നേഹ. ഓഫീസിൽ ചെന്നിറങ്ങി പേയ്മെൻ്റ് നടത്താൻ നോക്കിയപ്പോൾ ‘അണേബിൾ ടു പ്രോസസ്, കോൺടാക്റ്റ് യുവർ ബ്രാഞ്ച്’ എന്നു മെസേജ് വന്നു. അക്കൗണ്ടിൽ മുപ്പതിനായിരത്തോളം രൂപയുണ്ട്. പിന്നെ എന്തുകൊണ്ടാണ് പേയ്മെൻ്റ് നടത്താൻ പറ്റാതിരുന്നതെന്ന് സ്നേഹയ്ക്കു മനസിലായില്ല. പത്തുമണി കഴിഞ്ഞയുടനെ സ്നേഹ ബാങ്കിലേക്കു വിളിച്ചു. അക്കൗണ്ട് മരവിപ്പിച്ചതുകൊണ്ടാണ് ഇടപാടുകൾ നടത്താനാവാത്തതെന്ന് ബാങ്കിലെ ഉദ്യോഗസ്ഥ പറഞ്ഞപ്പോൾ സ്നേഹ ഞെട്ടിപ്പോയി. ഡിജിറ്റൽ അറസ്റ്റ് പോലെ എന്തോ തട്ടിപ്പാണെന്നാണ് സ്നേഹ പെട്ടന്നു കരുതിയത്. പിന്നെ സംശയിച്ചു നിന്നില്ല. സഹപ്രവർത്തകയായ അമൃതയെയും കൂട്ടി നേരെ ബാങ്കിലേക്കു ചെന്നു.

ബാങ്കിൻ്റെ അക്കൗണ്ട് മോണിട്ടറിംഗുകാരാണ് സ്നേഹയുടെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് ബാങ്ക് മാനേജർ പറഞ്ഞപ്പോൾ സ്നേഹയ്ക്ക് നല്ല ദേഷ്യം വന്നു.കാരണമാണ് രസകരം. സ്നേഹയുടെ അക്കൗണ്ടിൽ സംശയാസ്പദമായ നിലയിൽ അനേകം ഇടപാടുകൾ നടന്നത്രെ! എന്താണ് തൻ്റെ അക്കൗണ്ടിൽ സംശയാസ്പദമായ ഇടപാടുകൾ എന്നു പറയണമെന്നായി സ്നേഹ.

സ്നേഹയുടെ അക്കൗണ്ട് എടുത്ത് മാനേജർ ക്ഷമയോടെ വിശദീകരിച്ചു. നാൽപ്പതിധകം അക്കൗണ്ടുകളിൽ നിന്നായി മൂവായിരം രൂപ വീതം ഇന്നലെ സ്നേഹയുടെ അക്കൗണ്ടിൽ കയറിയിട്ടുണ്ട്. ഈ ഇടപാടുകളാണ് സംശയാസ്പദമായി ബാങ്ക് പരിഗണിച്ചത്.

ഇതിലെന്താണ് തട്ടിപ്പെന്നായി സ്നേഹ. ഓഫീസിലെ എല്ലാവരും ചേർന്ന് കഴിഞ്ഞദിവസം ഒരു ടൂറു പോയിരുന്നു. സ്നേഹയുടെ ക്രെഡിറ്റ് കാർഡ് വഴിയാണ് പേയ്മെൻ്റെല്ലാം ചെയ്തത്. ആ തുക തുല്യമായി വീതിച്ച് എല്ലാവരും ചേർന്ന് തിരികെ സ്നേഹയുടെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തതായിരുന്നു. സാലറി അക്കൗണ്ട് എന്നു രേഖപ്പെടുത്തിയിട്ടുള്ള അക്കൗണ്ടിലാണ് പതിവില്ലാതെ ഒന്നിനു പിറകെ ഒന്നായി കുറെ ഇടപാടുകൾ നടന്നത്. ഇടപാട് ഒന്നിൽ മൂവായിരം രൂപയേ ഉള്ളൂ എങ്കിലും മുഴുവൻ തുക പരിഗണിക്കുമ്പോൾ ഒരുലക്ഷത്തിനു മേലെപോയി തുക. അക്കൗണ്ട് ഇടപാടുകൾ നിരീക്ഷിക്കാനും പരിശോധിക്കാനുമൊക്കെയായി ബാങ്കുകൾക്ക് പല സംവിധാനങ്ങളുമുണ്ട്. എഐയുടെ സഹായം പോലും ബാങ്കുകൾ സ്വീകരിക്കുന്നുണ്ട്. സ്നേഹയുടെ അക്കൗണ്ടിൽ നടന്നതുപോലുള്ള ഇടപാടുകളെ ഇത്തരം സംവിധാനങ്ങൾ സംശയാസ്പദമായ ഇടപാടുകളായാണ് പരിഗണിക്കുന്നത്.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് മരവിപ്പിച്ചത് കഥ. ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ, കോടതി ഉത്തരവോ പൊലീസിൻ്റെയോ നിർദ്ദേശമോ ഒക്കെ ഇല്ലാതെ ബാങ്കുകാർക്ക് “തോന്നിയതുപോലെ” അക്കൗണ്ട് മരവിപ്പിക്കാൻ സാധിക്കുമോ എന്ന സംശയം തോന്നുന്നുണ്ടല്ലേ? അങ്ങനെ “തോന്നിയതുപോലെ” ഏതായാലും അക്കൗണ്ടു മരവിപ്പിക്കാൻ സാധിക്കില്ല. പക്ഷേ, സ്നേഹയുടെ അക്കൗണ്ടിൽ സംഭവിച്ചതുപോലെ, സംശയാസ്പദമായ തരത്തിലുള്ള ഇടപാടുകൾ നടക്കുന്നതായി തോന്നിയാൽ ബാങ്കുകൾക്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സാധിക്കും. അതിന് പൊലീസിൻ്റെയോ കോടതിയുടേയോ ഒന്നും ഉത്തരവിൻ്റെ ആവശ്യവുമില്ല.

ഇത്തരത്തിൽ, അക്കൗണ്ട് ഇടപാടുകൾ സംശയാസ്പദമെന്നു കണ്ട് കോടതിയുടെയോ പൊലീസിൻ്റെയോ ഒന്നും ഉത്തരവില്ലാതെ അക്കൗണ്ട് മരവിപ്പിച്ചാൽ എന്താണു പ്രതിവിധി എന്നതുകൂടി നോക്കാം. അക്കൗണ്ട് തുടങ്ങുന്ന സമയത്ത് നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടപാടുകൾ നിരീക്ഷിച്ച് ബാങ്ക് നിഗമനത്തിലെത്തുന്നത്. വീട്ടമ്മയാണ് എന്നു രേഖപ്പെടുത്തിയിട്ടുള്ള അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നാൽ സ്വാഭാവികമായും ആർക്കും സംശയം തോന്നിയേക്കാം. അതുപോലെ, ചെറിയ സമയപരിധിക്കുള്ളിൽ അനേകം ഇടപാടുകൾ നടന്നാലും സംശയാസ്പദമായി പരിഗണിക്കും. ഇത്തരം സാഹചര്യങ്ങളിൽ അക്കൗണ്ട് മരവിപ്പിച്ചേക്കാം. മരവിപ്പിക്കൽ മാറ്റുന്നതിനായി, അക്കൗണ്ട് ഇടപാടുകളുടെ എണ്ണവും തുകയും കൂടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ബാങ്കിൽ രേഖാമൂലം വിശദീകരണം നൽകേണ്ടതുണ്ട്.

നമുക്ക് അക്കൗണ്ടുള്ള ബ്രാഞ്ചിലെ മാനേജരല്ല, മറിച്ച് അക്കൗണ്ട് ഇടപാടുകൾ നിരീക്ഷിക്കുന്ന ഡിപ്പാർട്ട്മെൻ്റാണ് അക്കൗണ്ട് മരവിപ്പിക്കുന്നത് എന്നതിനാൽ, കൃത്യവും സത്യസന്ധവുമായ വിശദീകരണം തന്നെ നൽകണം. നമ്മളെ അറിയിക്കാതെ ബാങ്കുകാർ അക്കൗണ്ട് മരവിപ്പിക്കുന്നത് ശരിയാണോ എന്നൊരു ചോദ്യം പലരും ചോദിച്ചു കാണാറുണ്ട്. വളരെ ലളിതമാണ് ഉത്തരം. അതായത്, സംശയാസ്പദമായ ഇടപാടുകളാണ് അക്കൗണ്ടിൽ നടന്നിരിക്കുന്നത്. എന്നുവച്ചാൽ എന്തോ കള്ളത്തരം നടന്നിരിക്കുന്നു എന്ന സംശയം. ആ സാഹചര്യത്തിൽ ഉടനടി അക്കൗണ്ട് മരവിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്. എന്നിട്ട്, തൃപ്തികരമായ വിശദീകരണം അക്കൗണ്ട് ഉടമ നൽകുന്ന പക്ഷം മരവിപ്പിക്കൽ മാറ്റിക്കൊടുക്കും.

കയ്യിൽ കുറെ പണവുമായി ഒരാളെ പൊലീസ് പിടിച്ചു എന്നുകൂട്ടുക. കൃത്യമായ രേഖ സമർപ്പിച്ചാൽ മാത്രമല്ലേ പണം വിട്ടുകൊടുക്കൂ. അതുപോലെയാണിത്. പക്ഷേ, ഇടപാടുകാരെ അറിയിച്ചിട്ടു മാത്രം ബാങ്കുകാർ അക്കൗണ്ട് മരവിപ്പാറുണ്ടോ എന്നു ചോദിച്ചാൽ അതും ഉണ്ട്. സമയബന്ധിതമായി അക്കൗണ്ടിൽ കെ വൈ സി പുതുക്കിയിട്ടില്ലെങ്കിൽ ബാങ്കുകാർ അക്കൗണ്ട് മരവിപ്പിക്കും എന്നറിയാമല്ലോ. ഇമെയിൽ വഴിയും എസ് എം എസ്സിലൂടെയുമെല്ലാം അറിയിപ്പും സമയവുമൊക്കെ തന്നതിനുശേഷം മാത്രമായിരിക്കും ഇങ്ങനെ അക്കൗണ്ട് മരവിപ്പിക്കുക. ഇനി, ഒരു മില്യൺ ഡോളർ ചോദ്യമുണ്ട്: ബാങ്കിൽ നൽകാൻ രേഖയൊന്നുമില്ലെങ്കിൽ എന്തുചെയ്യും എന്നതാണ് ആ ചോദ്യം.

രേഖയൊന്നും നൽകാനില്ലെങ്കിൽ, ഒരു സിനിമാ ഡയലോഗിൽ പറയുന്നതു പോലെ, ആ പൈസ ഖുദാ ഗവാഹ്. എന്നുവെച്ചാൽ അക്കൗണ്ട് കോമയിൽ തന്നെ കിടക്കും. പൈസ പിൻവലിക്കാൻ സാധിക്കില്ല. നമുക്കെന്നാൽ സ്നേഹയുടെ കാര്യത്തിലേക്ക് തിരിച്ചുവന്നാലോ.

സഹപ്രവർത്തകരാണ് തൻ്റെ അക്കൗണ്ടിലേക്ക് പൈസ അയച്ചതെന്ന കാര്യം, മിക്ക സഹപ്രവർത്തകരുടേയും അക്കൗണ്ട് ആ ബ്രാഞ്ചിൽ തന്നെയായിരുന്നതിനാൽ ബാങ്ക് മാനേജരെ രേഖാമൂലം ബോധിപ്പിക്കാൻ സ്നേഹയ്ക്ക് സാധിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് മരവിപ്പിച്ചത് വൈകുന്നേരത്തിനുള്ളിൽ തന്നെ മാറ്റിക്കൊടുക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ: കെവൈസി പോലെ കൃത്യമായിരിക്കണം അക്കൗണ്ടിൽ നൽകുന്ന നമ്മുടെ മറ്റു വിവരങ്ങളും. ആധാറും പാനും വോട്ടർ ഐഡിയും മറ്റും ബാങ്കുകാർക്ക് പരിശോധിച്ചു ബോധ്യപ്പെടാൻ സാധിക്കും. പക്ഷേ നമ്മുടെ ജോലിയും മാസവരുമാനവുമെല്ലാം എല്ലായ്പ്പോഴും ബാങ്കിന് പരിശോധിക്കാനാവില്ലല്ലോ. മാസശമ്പളക്കാരല്ലാത്തവരുടെ കാര്യത്തിൽ നമ്മൾ പറയുന്നത് വിശ്വസിക്കുക മാത്രമേ ബാങ്കുകാർക്ക് സാധിക്കൂ. നമ്മൾ ബാങ്കിൽ നൽകിയിട്ടുള്ള മാസവരുമാനവും ജോലിയുമെല്ലാം പരിഗണിച്ചാണ് നമ്മുടെ അക്കൗണ്ടിലെ ഇടപാടുകൾ സംശയാസ്പദമാണോ അല്ലയോ എന്ന് ബാങ്ക് തീരുമാനിക്കുന്നത്.

ടാക്സ് അടയ്ക്കേണ്ടി വരും എന്നെല്ലാം തെറ്റിധരിച്ച് വരുമാനവും മറ്റും വളരെക്കുറച്ചാണ് പലരും ബാങ്കിൽ പറയാറ്. ഇങ്ങനെ ചെയ്യുന്നവരുടെ അക്കൗണ്ടിൽ നിശ്ചിതപരിധിയ്ക്കപ്പുറം ഇടപാടു നടന്നാൽ അക്കൗണ്ട് മരവിപ്പിച്ചേക്കും എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ.അതുകൊണ്ട്, ഡോക്ടറോടും വക്കീലിനോടും എന്നതുപോലെ ബാങ്കുദ്യോഗസ്ഥനോടും സത്യം മാത്രം പറയുക. നമ്മുടെ യഥാർത്ഥവിവരങ്ങൾ മാത്രം കെ വൈ സി ഫോമിൽ നൽകുക.

ഒരു കാര്യം കൂടി: നമ്മുടെ അക്കൗണ്ടു വഴി നമ്മുടെ സ്വന്തം ഇടപാടുകൾ മാത്രം നടത്താൻ ശ്രദ്ധിക്കുക. പൊതു ആവശ്യത്തിനുള്ള തുകയും മറ്റും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം അക്കൗണ്ടുതന്നെ തുടങ്ങണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ, നമുക്കൊരിക്കലും അക്കൗണ്ട് മരവിപ്പിക്കൽ നേരിടേണ്ടിവരില്ല.

Content Highlights: Why bank freezes accounts under suspicious circumstances?

dot image
To advertise here,contact us
dot image