ഒരു കിലോ ബീഫിന് 7200 രൂപ വരെ! അമേരിക്കക്കാര്‍ക്ക് ഇത്തവണ ബീഫില്ലാത്ത ക്രിസ്മസ്: കാരണം ട്രംപ്

പ്രതിവര്‍ഷം ആളോഹരി അമേരിക്കക്കാരന്‍ ഏകദേശം 29 കിലോയോളം ബീഫ് അകത്താക്കുന്നു എന്നാണ് അമേരിക്കന്‍ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ടമെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്

ഒരു കിലോ ബീഫിന് 7200 രൂപ വരെ! അമേരിക്കക്കാര്‍ക്ക് ഇത്തവണ ബീഫില്ലാത്ത ക്രിസ്മസ്:  കാരണം ട്രംപ്
പി ജി സുജ
1 min read|24 Dec 2025, 02:28 pm
dot image

ബീഫ് വിഭവങ്ങള്‍ ഇല്ലാത്ത തീന്‍മേശ അമേരിക്കക്കാര്‍ക്ക് ആലോചിക്കാനാവില്ല. എങ്കിലും ബീഫ് ഇല്ലാതെ ക്രിസ്മസ് ആഘോഷിക്കേണ്ട അവസ്ഥയിലാണ് അമേരിക്കക്കാര്‍ ഇത്തവണ. വില കുത്തനെ ഉയരുന്നതിനാല്‍ ബീഫ് വിഭവങ്ങള്‍ താങ്ങാനാകാത്ത ചെലവാണ് സാധാരണ അമേരിക്കന്‍ കുടുംബത്തിന് വരുത്തുന്നത്. ട്രംപിന്റെ കനത്ത ഇറക്കുമതി തീരുവകള്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കാകെ വില വര്‍ധിപ്പിച്ചതിനു പുറമേ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അടച്ചിട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും അമേരിക്കക്കാരുടെ നിത്യ ജീവിതം ദുസഹമാക്കിയിട്ടുണ്ട്. പ്രതിവര്‍ഷം ആളോഹരി അമേരിക്കക്കാരന്‍ ഏകദേശം 29 കിലോയോളം ബീഫ് അകത്താക്കുന്നു എന്നാണ് അമേരിക്കന്‍ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ടമെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

beef price in america

ആഘോഷത്തിന്‌ ചെലവേറും

ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങളുടെ വേളയായ ഡിസംബര്‍ മാസത്തിലാണ് ബീഫ് വിഭവങ്ങളോട് ഏറ്റവും പ്രിയമേറുന്നത്‌. പ്രത്യേകിച്ച് ക്രിസ്മസ് പുതുവല്‍സരരാവുകളില്‍ ബീഫ് വിഭവങ്ങളില്ലാതെ ആഘോഷമില്ല. സാധാരണ അവധിക്കാലത്ത് അമേരിക്കയിലെ ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും ബീഫ് രൂചികളൊരുക്കുന്നതിന്റെ തിരക്കായിരിക്കും. ബീഫ് വിഭവങ്ങളില്‍ വിലക്കൂടുതല്‍ കാരണം വന്‍കിട ഹോട്ടലുകള്‍ക്ക് അതില്‍ കൈവയ്ക്കാന്‍ അത്ര ധൈര്യം പോര. ഈ വര്‍ഷം 15 ശതമാനം വിലക്കയറ്റമാണ് ബീഫിന് ഉണ്ടായിട്ടുള്ളത്, അടുത്തെങ്ങും വിലകുറയാനുള്ള ലക്ഷണങ്ങള്‍ കാണാനുമില്ല. ഒരുകിലോ സാദാ ബീഫിന് കിലേയ്ക്ക് 10,00 രൂപയിലേറെ വിലയുണ്ട്. അമേരിക്കക്കാരുടെ ഏറ്റവും പ്രിയങ്കരമായ ബീഫ് റിബിന് ഒരു കിലോയ്ക്ക് 60 - 80 ഡോളര്‍ ആണ് വില! അതായത് 5400 രൂപ മുതല്‍ 7200 രൂപ വരെ നല്‍കണം. സ്പൈസസ് ഉള്‍പ്പടെ അനുബന്ധ ചേരുവകള്‍ക്കെല്ലാത്തിനും വില കുത്തനെ ഉയര്‍ന്നതിന് പുറമയാണിത്. ഇതെല്ലാം സാധാരണക്കാരുടെ ആഘോഷവേളകള്‍ ചെലവേറിയതാക്കുമെന്നതില്‍ സംശയമില്ല.

വരള്‍ച്ചയും വിനയായി

അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സൈറ്റിലെ വിവരമനുസരിച്ച് വീട്ടില്‍ തയാറാക്കുന്ന വിഭവങ്ങളുടെ വില 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 2.7 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കാകട്ടെ 2024 ഓഗസ്റ്റിലെ വിലയെക്കാള്‍ 3.9 ശതമാനം വര്‍ധന ഉണ്ടായി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തലിനെത്തുടര്‍ന്ന്, ഏറ്റവും കുടുതല്‍ ബീഫ് ഇറക്കുമതി ചെയ്യുന്ന ബ്രസീലില്‍ നിന്നെത്തുന്ന ബീഫിന്റെ വില കുത്തനെ ഉയര്‍ന്നത് കാര്യങ്ങള്‍ അവതാളത്തിലാക്കിയിട്ടുണ്ട്. (ഇന്ത്യയുടെ പോലെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യമാണ് ബ്രസീല്‍, 50 ശതമാനമാണ് ഇരു രാജ്യങ്ങളുടെയും തീരുവ). അമേരിക്കക്കാര്‍ക്ക് ബീഫ് എന്നത് പശുവും കാളയുമാണ്. എന്നാല്‍ ഇന്ത്യ പ്രധാനമായും വിദേശങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് എരുമ , പോത്ത് എന്നിവയുടെ ഇറച്ചിയാണ്.

ഇറക്കുമതി തീരുവ തിരിഞ്ഞു കുത്തി

ഇതിനുപുറമെ അമേരിക്കയില്‍ കന്നുകാലികളെ വളര്‍ത്തുന്ന മേഖലകളില്‍ ഉണ്ടായ വരള്‍ച്ച കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഉല്‍പ്പാദന ഇടിവിലേയ്ക്ക് നയിച്ചത് വിലക്കയറ്റിന് ആക്കം കൂട്ടി. ആവശ്യത്തിന് ബീഫ് കിട്ടാനില്ലാതായതും ചെലവേറിയതും കാരണം പല വന്‍കിട മീറ്റ് പ്രോസസിങ് പ്ലാന്റുകളും പൂട്ടുകയോ ജീവനക്കാരെ പിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. നവംബറില്‍ ബീഫിന്റെ വില പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപ് അര്‍ജന്റീനയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഇളവുകള്‍ നല്‍കിയെങ്കിലും അത് ഫലം കണ്ടില്ല. അതായത് ട്രംപ് മറ്റ് രാജ്യങ്ങളെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ കൈകൊണ്ട കനത്ത ഇറക്കുമതി തീരുവ നയം അമേരിക്കക്കാരുടെ ജീവിതച്ചെലവ് കുത്തനെ വര്‍ധിപ്പിച്ചു എന്നത് അദ്ദേഹത്തിനു സ്വയം സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. ട്രംപ് അനുകൂല റിപ്പബ്ലിക്കന്‍ ചാനലായ ഫോക്സ് 13 നൗവിനു പോലും ബീഫ് ഉള്‍പ്പടെയുള്ളവയുടെ വിലക്കയറ്റത്തെക്കുറിച്ച് പറയേണ്ടി വന്നതും അതേത്തുടര്‍ന്നാണ്.

Content highlight:Beef dishes are becoming an unaffordable expense for the average American family as prices skyrocket.

dot image
To advertise here,contact us
dot image