

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒരുപാട് മെസേജുകൾ അയക്കാറുണ്ടെന്ന് പറഞ്ഞത് ഒരു നല്ല സുഹൃത്തായിക്കണ്ടാണെന്ന് ബോളിവുഡ് നടി ഖുഷി മുഖർജി.
ഒരുപാടു ക്രിക്കറ്റ് താരങ്ങൾ തന്റെ പിന്നാലെയുണ്ടെന്നും സൂര്യകുമാർ യാദവ് കുറെ മെസേജുകൾ അയക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോയുടെ അഭിമുഖത്തിനിടെയാണ് ഖുഷി വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി ഖുഷി തന്നെ രംഗത്തെത്തിയത്.
‘ഞങ്ങൾക്ക് സുഹൃത്തുക്കളായി സംസാരിക്കാൻ പാടില്ലേ?’ എന്നാണ് ഖുഷിയുടെ പ്രതികരണം. തന്റെ വാക്കുകൾ തെറ്റായി പ്രചരിപ്പിച്ചെന്നും ഇൻസ്റ്റഗ്രാം ആരോ ഹാക്ക് ചെയ്തെന്നും ഖുഷി മാധ്യമങ്ങളോടു പ്രതികരിച്ചു. അടുത്ത കാലത്തൊന്നും സൂര്യയോട് സംസാരിച്ചിട്ടില്ലെന്നും വിവാദത്തിനു ശേഷവും ചാറ്റ് ചെയ്തിട്ടില്ലെന്നും ഖുഷി കൂട്ടിച്ചേർത്തു.
ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് സൂര്യകുമാർ യാദവുമായുള്ള ബന്ധത്തെക്കുറിച്ച് ഖുഷി പ്രതികരിച്ചത്. ഒരു ക്രിക്കറ്ററെ പ്രണയിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകവേയായിരുന്നു പ്രതികരണം. സൂര്യകുമാർ യാദവ് ഒരു സമയത്ത് തനിക്ക് നിരന്തരം മെസ്സേജുകൾ അയച്ചിരുന്നുവെന്നും എന്നാൽ തനിക്ക് അത്തരം ബന്ധങ്ങളോട് താൽപര്യമില്ലെന്നുമാണ് താരം അവകാശപ്പെട്ടത്. ഇപ്പോൾ സൂര്യകുമാറുമായി സംസാരിക്കാറില്ലെന്നും ഖുഷി വ്യക്തമാക്കി.
‘എനിക്ക് ഒരു ക്രിക്കറ്റ് താരവുമായും ഡേറ്റ് ചെയ്യാൻ ആഗ്രഹമില്ല. ഒരുപാട് ക്രിക്കറ്റ് താരങ്ങള്‍ എന്റെ പിന്നാലെയുണ്ട്. സൂര്യകുമാർ യാദവ് ഒരുപാടു മെസേജുകൾ അയക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾ മിണ്ടാറില്ല. എനിക്കും ആ ബന്ധം തുടരാൻ താൽപര്യമില്ല’, ഖുഷി വ്യക്തമാക്കി.
താൻ ഒരാളുമായും തന്റെ പേര് ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അത്തരം ബന്ധങ്ങളോട് തനിക്ക് താല്പര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഇത് എപ്പോൾ നടന്ന സംഭവം ആണെന്ന് ഒന്നും താരം ഇതിൽ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഖുഷിയുടെ വെളിപ്പെടുത്തലുകളോട് സൂര്യകുമാർ യാദവ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തമിഴ് ചിത്രമായ ‘അഞ്ചൽ തുറൈ’ (2013) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ഖുഷി. പിന്നീട് തെലുങ്ക്, ഹിന്ദി സിനിമകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ ബോൾഡ് ആയ ഫാഷൻ സ്റ്റൈലിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും താരം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
Content highlights:khushi mukerji clarification about suryakumar yadav relationship