നിങ്ങളുടെ ഫോണ്‍ ഒരു ബാങ്കാണ്! യുപിഐ എങ്ങനെ സുരക്ഷിതമാക്കും?; ഈ അഞ്ച് രീതികള്‍ പരീക്ഷിക്കാം

യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്നതിന് മുമ്പായി ബെനഫിഷറിയുടെ പേരുകള്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയുന്ന സിസ്റ്റമാണ് ഇക്കഴിഞ്ഞ ജൂണ്‍ 30 മുതല്‍ ആരംഭിച്ചിരിക്കുന്നത്.

നിങ്ങളുടെ ഫോണ്‍ ഒരു ബാങ്കാണ്!  യുപിഐ എങ്ങനെ സുരക്ഷിതമാക്കും?; ഈ അഞ്ച് രീതികള്‍ പരീക്ഷിക്കാം
dot image

ലക്ഷകണക്കിന് പേരാണ് യുപിഐയിലൂടെ പേയ്‌മെന്റുകള്‍ നടത്തുന്നത്. ഈ സാഹചര്യത്തെ മുതലെടുത്ത് പലരും തട്ടിപ്പുകളും നടത്തുന്ന വിവരങ്ങള്‍ മാധ്യമങ്ങളില്‍ തലക്കെട്ടാകാറുമുണ്ട്. എന്തുകൊണ്ടാണ് യുപിഐ ഉപയോഗിക്കുന്നവര്‍ ഇത്തരത്തില്‍ ഇരയാക്കപ്പെടുന്നത്? എങ്ങനെ ഈ വിപത്തില്‍പ്പെടാതെ രക്ഷപ്പെടാം? യുപിഐ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുകളില്ലാത്തതും പണിമിടപാടുകളുടെ എണ്ണം വര്‍ധിച്ചതുമാണ് യുപിഐ ഉപയോക്താക്കളെ തട്ടിപ്പുകാര്‍ ലക്ഷ്യം വയ്ക്കാന്‍ കാരണം. ഓരോ മിനിറ്റിലും ആയിരക്കണക്കിന് പണമിടാപാടുകളാണ് യുപിഐയില്‍ നടക്കുന്നത്. നിരന്തരമായി പേയ്‌മെന്റുകള്‍ മൊബൈല്‍ ഫോണ്‍ സ്‌ക്രീനിലൂടെ അപ്രൂവ് ചെയ്ത് പോകുകയാണ്. ഈ രീതി ജനപ്രിയമായതോടെ വിശ്വാസം മുതലെടുത്താണ് തട്ടിപ്പുകളേറെയും നടക്കുന്നത്.

വ്യാജ യുപിഐ കളക്ട് അല്ലെങ്കില്‍ പേയ്‌മെന്റ് റിക്വസ്റ്റുകള്‍, ക്യുആര്‍ കോഡുകള്‍, ബാങ്ക് അല്ലെങ്കില്‍ കസ്റ്റമര്‍ കെയര്‍ സ്റ്റാഫ് ചമഞ്ഞ് കോണ്ടാക്ട് ചെയ്യല്‍, സിം സ്വാപ്പ് അറ്റാക്കുകള്‍, അനാവശ്യ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുക എന്നിവ വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം രീതികള്‍ തടയാനായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്നതിന് മുമ്പായി ബെനഫിഷറിയുടെ പേരുകള്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയുന്ന സിസ്റ്റമാണ് ഇക്കഴിഞ്ഞ ജൂണ്‍ 30 മുതല്‍ ആരംഭിച്ചിരിക്കുന്നത്. ഇത് വ്യാജമാര്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് തടയും.


എങ്ങനെ വ്യാജന്മാരെ തടയാമെന്ന് നോക്കാം

UPI
UPI
  1. പേയ്‌മെന്റിന് മുമ്പ് ബെനഫിഷറിയുടെ പേര് വെരിഫൈ ചെയ്യുക

    യുപിഐ ട്രാന്‍സാക്ഷന്‍ സ്ഥിരീകരിക്കുന്നതിന് മുമ്പ് മൊബൈല്‍ സ്‌ക്രീനില്‍ കാണിക്കുന്ന പേര് നിങ്ങള്‍ക്ക് പേ ചെയ്യേണ്ട ആളുടേത് തന്നെയോ എന്ന് ഉറപ്പിക്കുക. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍, ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍, റിക്വസ്റ്റ് അക്‌സപ്പ്റ്റ് ചെയ്യുമ്പോള്‍ ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണം. 2025 ജൂണ്‍ മുതല്‍ പണം ലഭിക്കുന്ന ആളുടെ പേര് അത് അയക്കുന്ന ആളിന് കാണണം എന്നൊരു നിയമം തന്നെ യുപിഐ ശക്തമാക്കിയിട്ടുണ്ട്. ഇത് വ്യാജ റിക്വസ്റ്റുകള്‍ തിരിച്ചറിയാന്‍ സഹായകമാകും.
  1. യുപിഐ/ബാങ്ക് ആപ്പുകള്‍ അപ്‌ഡേറ്റാക്കുക, മിനിമം പെര്‍മിഷന്‍സ് മാത്രം നല്‍കുക

    പലരും യുപിഐ ആപ്പുകളിലെ പുത്തന്‍ അപ്പ്‌ഡേറ്റുകള്‍ ചെയ്യാറില്ലെന്നത് തട്ടിപ്പുകള്‍ കൂടാന്‍ കാരണമായിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അപ്പ്‌ഡേറ്റുകള്‍ക്ക് ഒരു പരിധിവരെ സഹായിക്കും. ഗൂഗിള്‍ പ്ലേ, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നുള്ള അപ്പ്‌ഡേഷന്‍സാണ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല നിങ്ങള്‍ യുപിഐ ആപ്ലിക്കേഷന്‍ നല്‍കിയിട്ടുള്ള കാമറ, കോണ്‍ടാക്റ്റ് എന്നിവയും പരിശോധിക്കുക. അനാവശ്യമായ പെര്‍മിഷനുകള്‍ ഡിസേബിള്‍ ചെയ്യുക. എന്തെങ്കിലും തരത്തിലുള്ള സപ്പോര്‍ട്ട് ടൂളുകള്‍ നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് പെട്ടെന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. പല തട്ടിപ്പുകളും ആരംഭിക്കുന്നത് തന്നെ അനാവശ്യമായി നല്‍കുന്ന പെര്‍മിഷനുകള്‍ മൂലമാണ്.
UPI
UPI
  1. ക്യുആര്‍ കോഡുകളും പേയ്‌മെന്റ് ലിങ്കുകളും ശ്രദ്ധിക്കുക

    പണം ലഭിക്കാനുള്ള പ്രോംപ്റ്റുകളായി ക്യുആര്‍ കോഡുകളെ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. പക്ഷേ സ്‌കാന്‍ ചെയ്യുമ്പോള്‍ തന്നെ പണം നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഡെബിറ്റായിട്ടുണ്ടാകും. രജിസ്റ്റേര്‍ഡ് പോര്‍ട്ടലുകള്‍, മെര്‍ച്ചന്റുമാര്‍ ഉള്‍പ്പെടെ നിങ്ങള്‍ക്ക് വിശ്വാസം തോന്നുന്ന കോഡ് മാത്രം സ്‌കാന്‍ ചെയ്യുക. നിങ്ങള്‍ക്ക് പേയ്‌മെന്റ് ലഭിക്കാനായി ചാറ്റിലൂടെയോ ഏതെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയോ ആണ് ഒരു ലിങ്ക് ലഭിക്കുന്നതെങ്കില്‍ അവയുടെ യുആര്‍എല്‍ ശ്രദ്ധിക്കുക. ചെറിയ ലിങ്കുകളെ അപ്പോഴേ തള്ളിക്കളയുക, നിങ്ങള്‍ സംശയം തോന്നിയാല്‍ ആ ലിങ്ക് ഉപയോഗിക്കാതിരിക്കുക.
  1. ഉപകരണത്തിന് സുരക്ഷ ഉറപ്പാക്കുക, ട്രാന്‍സാക്ഷനുകള്‍ നിരന്തരം ശ്രദ്ധിക്കുക

    പിന്‍ അല്ലെങ്കില്‍ ബയോമെട്രിക്ക് ഉപയോഗിച്ച് യുപിഐ ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യണം. നിങ്ങളുടെ ബാങ്കിന്റെ ശാഖ സന്ദര്‍ശിക്കുന്നതിന് തുല്യമാണ് നിങ്ങളുടെ ഫോണ്‍. നിങ്ങളുടെ ബാങ്ക് - യുപിഐ ട്രാന്‍സാക്ഷനുകളുടെ ഹിസ്റ്ററി എല്ലാ ദിവസവും അല്ലെങ്കില്‍ രണ്ടുദിവസത്തിലൊരിക്കല്‍ പരിശോധിക്കുക, ഇത് അനാവശ്യവും പരിചിതവുമല്ലാത്ത ട്രാന്‍സാക്ഷനുകള്‍ കണ്ടെത്താന്‍ സഹായിക്കും. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ബാങ്കിനെ അത് കൃത്യമായി അറിയിക്കുക. പിന്നാലെ യുപിഐ ആപ്ലിക്കേഷന്‍ ഫ്രീസ് ചെയ്യണം. താമസിയാതെ തന്നെ സൈബര്‍ക്രൈം ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടണം.
  1. ഒടിപി/ പിന്‍ എന്നിവ ആരോടും പറയരുത് ഒപ്പം ധൃതിയില്‍ പേയ്‌മെന്റ് നടത്തരുത്

    ബാങ്കോ യുപിഐ ആപ്ലിക്കേഷനോ ഒരിക്കലും യുപിഐ പിന്‍, ഒടിപി അല്ലെങ്കില്‍ ബാങ്കിങ് വിവരങ്ങള്‍ ചോദിക്കില്ല. അങ്ങനെ എന്തെങ്കിലും അനുഭവം നിങ്ങള്‍ക്ക് ഉണ്ടായാല്‍ അത് വ്യാജമാണെന്ന് മനസിലാക്കുക. ലിമിറ്റഡ് ടൈം ഓഫര്‍ അല്ലെങ്കില്‍ റീഫണ്ട് പ്രോസസ് എന്നീ സാഹചര്യങ്ങള്‍ കാട്ടി നിര്‍ബന്ധിച്ച് പേയ്‌മെന്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ തിരക്കുകളും ആളുകള്‍ മുതലെടുക്കാം. ഒരു മിനിറ്റ് ഇക്കാര്യം ശ്രദ്ധിക്കാനായി ശ്രമിച്ചാല്‍ ആയിരക്കണക്കിന് രൂപ സേവ് ചെയ്യാം.
UPI QR Scanner
UPI QR Scanner

യുപിഐ ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്ന പേയ്‌മെന്റ് സിസ്റ്റമാണ്. എന്നാല്‍ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ശ്രദ്ധക്കുറവും ദുര്‍ബലമായ സുരക്ഷ സംവിധാനവുമെല്ലാമാണ് തട്ടിപ്പുകാര്‍ ആശ്രയിക്കുന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന് കൊടുക്കുന്ന അതേ പ്രാധാന്യം യുപിഐ ആപ്പിനും ഫോണിനും നല്‍കാന്‍ മറക്കരുത്.

Content Highlights: Frauds related to UPI and how you can tackle it

dot image
To advertise here,contact us
dot image