

രാവിലെ വിലക്കുറവ് കാണിച്ച സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം കുതിപ്പിൻ്റെ സൂചനകൾ കാണിച്ച് വർദ്ധിച്ചിരുന്നു. ലോക വിപണിയിലും സ്വർണവിലയിൽ വർദ്ധനവിൻ്റെ ട്രെൻഡാണ് കാണിക്കുന്നത്. വ്യാഴാഴ്ച സ്വർണവിലയിൽ രണ്ട് ശതമാനത്തിൻ്റെ വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ട്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് ഡോളറിന് സംഭവിച്ച ഇടിവും ഡോണൾഡ് ട്രംപും ഷി ജിൻപിങും തമ്മിലുള്ള വ്യാപാര ചർച്ചകളുടെ ഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് സ്വർണവില വർദ്ധനവിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ.
'ട്രംപ്-ഷി കൂടിക്കാഴ്ചയുടെ ഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും ഈ വർഷം രണ്ടാം തവണയും പലിശനിരക്ക് കുറയ്ക്കാനുള്ള ഫെഡിന്റെ തീരുമാനവും സ്വർണവില ഉയരാൻ കാരണമായെന്നാണ്' എഫ്‌എക്‌സ്‌ടിഎമ്മിലെ സീനിയർ റിസർച്ച് അനലിസ്റ്റ് ലുക്മാൻ ഒട്ടുനുഗയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങുന്നത് പുനരാരംഭിക്കാനും, അപൂർവ എർത്ത് കയറ്റുമതി നിലനിർത്താനും, നിയമവിരുദ്ധമായ ഫെന്റനൈൽ വ്യാപാരം തടയാനും ചൈന സമ്മതിച്ചതായും ഇതിന് പകരമായി ചൈനയ്ക്ക് ഏർപ്പെടുത്തിയ തീരുവ കുറയ്ക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പുവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദക്ഷിണ കൊറിയയിലെ ബുസാനിൽ ഷിയുമായി നേരിട്ട് നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു ട്രംപ് നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും മാറ്റം വന്നു. ഇന്ന് രാവിലെ കുറവ് രേഖപ്പെടുത്തിയ സ്വർണവില ഉച്ചയ്ക്കു ശേഷം ഗ്രാമിന് 90 രൂപ കൂടി 11135 രൂപയായി. പവന് 720 രൂപ കൂടി 89080 രൂപയിലാണ് ഉച്ചയ്ക്ക് ശേഷം വ്യാപാരം നടന്നത്. രാവിലെ ഒരു പവൻ സ്വർണത്തിന് 88,360 രൂപയായിരിന്നു വില.
രണ്ടു ദിവസമായി സ്വർണവില 90,000ത്തിന് താഴെ എത്തിയിരിക്കുകയാണ്. സ്വർണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു വിപണിയിൽ നിന്ന് ലഭിച്ചിരുന്നത്. അതിവേഗതിയിലായിരുന്നു കഴിഞ്ഞ കുറച്ച് കാലങ്ങളിലായി സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കുറച്ച് ദിവസമായി സ്വർണവില കൂടിയും കുറഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്.
Content Highligts: Gold rates climb as a result of the Fed rate cut, with investors weighing US-China trade talks