

ഫ്രാൻസിൽ ഒരു കല്യാണം നടന്നു. വരൻ ഒരു സ്റ്റാർട്ട് അപ് കമ്പനിയുടെ ഉടമയാണ്, പേര് ദാഗോബർട്ട് റെനോഫ്. ഒക്ടോബർ 25ന് കല്യാണത്തിന് ദാഗോബർട്ട് ധരിച്ച കോട്ട് കണ്ട് എല്ലാവരും ഒന്ന് അമ്പരന്നു. കോട്ടിൽ നിറയെ കമ്പനി ലോഗോകളായിരുന്നു.
ദാഗോബർട്ട് റെനോഫ് തന്റെ കല്യാണ കോട്ടിനെ ഒരു പരസ്യബോർഡാക്കിയതാണ് സംഭവം. 26 സ്റ്റാർട്ടപ്പുകളാണ് കോട്ടിൽ പരസ്യം നൽകാൻ തയ്യാറായി മുന്നോട്ടുവന്നത്. ഈ സ്‌പോൺസർഷിപ്പിലൂടെ കല്യാണച്ചെലവ് മുഴുവൻ കഴിഞ്ഞുപോയി എന്നാണ് ദഗോബർട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് പോസ്റ്റിൽ പറയുന്നത്. ദഗോബർട്ടിന്റെ സ്വന്തം കമ്പനിയായ CompAI യുടെ ലോഗോയും കോട്ടിൽ തുന്നിച്ചേർത്തിരുന്നു.
കല്യാണത്തിനുള്ള ചിലവ് കണ്ടെത്തുക എന്നതിനപ്പുറം തന്റെ ജീവിതത്തിലെ ഒരു പ്രിയപ്പെട്ട നിമിഷത്തിൽ ടെക് കമ്പനികൾക്കും പ്രാധാന്യം നൽകുക എന്നതായിരുന്നു ലക്ഷ്യമെന്ന് ദഗോബർട്ട് പറയുന്നു. 'പിന്നെ എല്ലാം ഒരു രസമല്ലേ' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Big thanks to the 26 startups who helped us pay for our wedding, it was a beautiful day 😍 (full cinematic video coming soon) pic.twitter.com/2LDcrjjws5
— Dagobert - Corporate sellout 👔 (@dagorenouf) October 26, 2025
ജൂലൈയിലാണ് വിവാഹവസ്ത്രത്തിൽ പരസ്യം നൽകാൻ ആലോചിക്കുന്നതിനെ കുറിച്ച് ദഗോബർട്ട് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. കോട്ടിലെ പരസ്യത്തിനായുള്ള സ്ഥലങ്ങൾ മാർക്ക് ചെയ്ത ചിത്രവും അദ്ദേഹം നൽകിയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ പരസ്യം നൽകാൻ തയ്യാറായി കമ്പനികൾ വരുന്നതിന്റെ വിവരങ്ങളും ദഗോബർട്ട് എക്‌സിൽ പങ്കുവെച്ചിരുന്നു. ഒടുവിൽ എല്ലാ സ്ഥലങ്ങളും വിറ്റ് തീർന്നതോടെ അവരുടെയെല്ലാം ലോഗോ തുന്നിച്ചേർത്ത പുതിയ കോട്ട് തയ്യാറാക്കി.
സംഭവം കലക്കിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. ഐഡിയ കൊള്ളാമെന്ന് പറഞ്ഞ് കയ്യടിക്കുകയാണ് നിരവധി പേർ. ദഗോബർട്ട് റെനോഫിന്റെ ധൈര്യത്തെ സമ്മതിക്കുന്നുവെന്നും കമന്റുകളുണ്ട്. കല്യാണച്ചെലവ് വഹിക്കാൻ ഇങ്ങനെ ക്രിയേറ്റീവായ ഐഡിയകൾ കൂടിയേ തീരുവെന്ന് പറയുകയാണ് മറ്റ് ചിലർ.
Content Highlights: Groom sells ad space on wedding coat, gets all the money for wedding expense