
ക്രെഡിറ്റ് സ്കോറിന് മറ്റെന്തിനെക്കാളും പ്രസക്തിയുള്ള കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഒരു ലോണെടുക്കാൻ പോയാൽ ക്രെഡിറ്റ് സ്കോറില്ലെങ്കിലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു.. പണത്തിന്റെ കാര്യത്തിൽ നിങ്ങളുടെ ഉത്തരവാദിത്വം പരിശോധിക്കാനാണ് ക്രെഡിറ്റ് സ്കോർ നോക്കുന്നത് എന്നാണ് ധനകാര്യ സ്ഥാപനങ്ങളുടെ വിശദീകരണം. പുതിയ ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ പോലും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പ്രധാനപ്പെട്ടതാണ്.
പണം കടം വാങ്ങിയാൽ തിരിച്ചുകൊടുക്കുന്നതിൽ നിങ്ങൾക്ക് എത്രത്തോളം ഉത്തരവാദിത്വമുണ്ട് എന്ന് കാണിക്കുന്നതിനുള്ള മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. ഇന്ത്യയിൽ ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത് 300നും 900ത്തിനും ഇടയിലാണ്. മിക്ക ബാങ്കുകളും, മറ്റ് പണമിടപാട് സ്ഥാപനങ്ങളും മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കുന്നത് 750 അല്ലെങ്കിൽ അതിൽ കൂടുതലാണ്.
സിബിൽ, എക്സ്പീരിയർ, സിആർഐഎഫ്, ഹൈമാർക്ക്, ഇക്വിഫാക്സ് തുടങ്ങിയ ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്കോർ നൽകുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുന്നതിന് ഏറ്റവും പ്രധാനമായി പരിഗണിക്കുന്നത് ഈ സ്കോറുകളാണ്.
വായ്പ്പകൾ തിരിച്ചടയ്ക്കുന്നതിലെ കൃത്യനിഷ്ടതയാണ് ക്രെഡിറ്റ് സ്കോറുകൾ തീരുമാനിക്കുക. സമയബന്ധിതമായി പണമിടപാട് തീർത്താൽ ക്രെഡിറ്റ് സ്കോർ ഉയരുന്നു. ഇഎംഐയുടെയോ, ക്രെഡിറ്റ് കാർഡിന്റെയോ ഒരു കുടിശ്ശിക വൈകിയാൽ പോലും ക്രെഡിറ്റ് സ്കോർ കുറയാനുള്ള സാധ്യതയുണ്ട്. നിങ്ങൾ പരിധിയിൽ കൂടുതൽ ക്രെഡിറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും ക്രെഡിറ്റ് സ്കോർ കുറയും. ദീർഘകാല സുരക്ഷിത വായ്പകളും, സുരക്ഷിതമല്ലാത്ത ചില വായ്പകളും ഇടകലർത്തി എടുക്കുന്നത് ഇതിന്റെ സന്തുലിതാവസ്ഥ ക്രമീകരിക്കാൻ സഹായിക്കും.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾക്കോ, വായ്പകൾക്കോ അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകും. ഓരോ 15 ദിവസത്തിലും നിങ്ങളുടെ ക്രെഡിറ്റിന്റെ പ്രവർത്തനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഉയർന്ന ക്രെഡിറ്റ് സ്കോർ നേടാൻ
എക്സ്പീരിയർ, സിആർഐഎഫ്, ഹൈമാർക്ക് പോലുള്ള ക്രെഡിറ്റ് ബ്യൂറോകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വർഷത്തിലൊരിക്കൽ നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ സൗജന്യമായി പരിശോധിക്കാവുന്നതാണ്.
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്നത് ഗുണം ചെയ്യും. അതിൽ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെടുകയോ, പിശകുകൾ കാണുകയോ ചെയ്താൽ നിങ്ങൾക്ക് പിരഹാരമാർഗങ്ങൾ കണ്ടെത്താൻ കഴിയും. പരിശോധനയിൽ നിങ്ങൾക്ക് കുറഞ്ഞ സിബിൽ സ്കോറാണ് കണ്ടെത്താൻ കഴിഞ്ഞതെങ്കിൽ കുടിശ്ശികകൾ എത്രയും പെട്ടെന്ന് തീർക്കുക. കൂടാതെ, ഇനിയുള്ള ഘടുക്കൾ സമയബന്ധിതമായി അടയ്ക്കുക, പരിധിയിലധികം വായ്പകൾക്കും, ക്രെഡിറ്റ് കാർഡുകൾക്കും അപേക്ഷ നൽകാതിരിക്കുക. പരിശ്രമിച്ചാൽ 6 മുതൽ 12 മാസത്തിനുള്ളിൽ നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സാധിക്കും.
ലൈസൻസുള്ള എല്ലാ ബ്യൂറോയിൽ നിന്നും എല്ലാ വർഷവും സൗജന്യമായി ക്രെഡിറ്റ് റിപ്പോർട്ട് ലഭിക്കുന്നതിന് നിങ്ങൾക്ക് അർഹതയുണ്ട്. ക്രെഡിറ്റ് ഉപയോഗം കുറയ്ക്കുന്നതും, തിരിച്ചടവ് കൃത്യമായി പാലിക്കുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർധിക്കാൻ സഹായിക്കുന്നു.
Content Highlight; How to Check and Improve Your Credit Score