
വ്യക്തികളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ ഓരോ മാസത്തിലും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തവണ ജൂൺ മാസത്തിൽ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന മാറ്റങ്ങൾ സാധാരണക്കാരും അറിഞ്ഞിരിക്കേണ്ടതാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) 3.0 സംവിധാനം, ക്രെഡിറ്റ് കാർഡ് നിയമങ്ങൾ, സെബിയുടെ മ്യൂച്വൽ ഫണ്ട്, ആധാർ അപ്ഡേറ്റ്, എടിഎം ഫീസ് തുടങ്ങിയവയിൽ പലവിധ മാറ്റങ്ങളാണ് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. രാജ്യത്താകെയുള്ള വ്യക്തികളെയും ബിസിനസുകാരെയും ഒരുപോലെ ബാധിക്കുന്ന മാറ്റങ്ങളാണ് ഇവ.
ഇപിഎഫ്ഒ 3.0
പിഎഫ് പിൻവലിക്കൽ പ്രക്രിയ എളപ്പമാക്കുന്നതിനായി യുപിഐ, എടിഎം എന്നിവയിലൂടെ പിഎഫ് പണം പിൻവലിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇപിഎഫ്ഒ 3.0. പിഎഫ് എളുപ്പത്തിൽ പിൻവലിക്കാൻ സഹായിക്കുന്ന സംവിധാനത്തിൽ അംഗങ്ങൾക്ക് നേരിട്ട് പ്രൊവിഡന്റ് ഫണ്ട് ബാലൻസ് പരിശോധിക്കാനും ഇഷ്ടമുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാനും സാധിക്കും. പിഎഫ് തുക അത്യാവശ്യ കാര്യങ്ങൾക്കായി പിൻവലിക്കാൻ ശ്രമിക്കുമ്പോളുണ്ടാകുന്ന കാലതാമസത്തിനും നൂലാമാലകൾക്കും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദായ നികുതി സമയപരിധി
ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്സ് (ടിഡിഎസ്) സർട്ടിഫിക്കറ്റായ ഫോം 16 നൽകാനുള്ള അവസാന തിയതി 2025 ജൂൺ 15ന് തീരുമാനിച്ചു. ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക്, നികുതി കുറച്ചാണ് ശമ്പളം നൽകുന്നത് എന്ന് കാണിച്ചുകൊണ്ട് തൊഴിലുടമകൾ നൽകുന്ന സർട്ടിഫിക്കറ്റാണ് ഫോം 16. 2025-25 വർഷത്തേക്കുള്ള ഫോം സമർപ്പിക്കേണ്ട അവസാന തിയതിയാണ് ജൂൺ 15.
ആധാർ വിവരങ്ങൾ പുതുക്കാം
മൈ ആധാർ എന്ന വെബ് പോർട്ടലിലൂടെ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള അവസാന തിയതിയാണ് ജൂൺ 14. 14ന് ശേഷം ഓൺലൈനായി വിവരങ്ങൾ പുതുക്കുന്നതിന് 25 രൂപയും, സെന്ററുകളിൽ പോയി പുതുക്കുന്നതിന് 50 രൂപയും ഫീസ് നൽകേണ്ടതായി വരും.
എഫ്ഡി പലിശകൾ കുറയുന്നു
നിരവധി ബാങ്കുകൾ സ്ഥിരനിക്ഷേപത്തിന്റെ (എഫ്ഡി) പലിശ കുറച്ചു. റിസർവ്വ് ബാങ്ക് റീപ്പോനിരക്ക് കുറച്ചതിന് ആനുപാതികമായാണ് ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിന്റെ പലിശ കുറച്ചിരിക്കുന്നത്. എഫ്ഡി നിരക്ക് കുറച്ച ബാങ്കുകളിൽ ജൂൺ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.
സെബി നിയമങ്ങൾ
ഓവർ നൈറ്റ് മ്യൂച്വൽ ഫണ്ട് സ്കീമുകൾക്ക് സെബി പുതിയ കട്ട് ഓഫ് സമയങ്ങൾ അവതരിപ്പിച്ചു. നൈറ്റ് അസറ്റ് വാല്യുവിന്റെ കണക്ക്കൂട്ടൽ പ്രക്രിയ സുതാര്യവും സ്ഥിരതയുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതുക്കിയ കട്ട് ഓഫ് സമയം നിർദേശിച്ചത്. ഇനി മുതൽ ഓവർ നൈറ്റ് മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ ഓഫ്ലൈൻ ഇടപാടുകൾക്ക് വൈകുന്നേരം 3 മണിവരെയും, ഓൺലൈൻ ഇടപാടുകൾക്ക് വൈകുന്നേരം 7 മണി വരെയുമായിരിക്കും സമയപരിധി.
എടിഎം സൗജന്യ ഉപയോഗത്തിന് പരിധി
അക്കൗണ്ട് ഉള്ളതോ, ഇല്ലാത്തതോ ആയ ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കുന്നതിന് പരിധി. ജൂൺ 1 മുതൽ നിശ്ചിത സൗജന്യ പരിധി കഴിഞ്ഞാൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഈടാക്കുന്ന ഫീസ് വർധിപ്പിക്കും. ഓരോ ബാങ്കിനും വ്യത്യസ്ത ഫീസുകളാണ് ഉണ്ടാവുക. വിശദവിവരങ്ങൾ അതാത് ബാങ്കുകൾ മൊബൈൽ ആപ്പ് വെബ്സൈറ്റ് എന്നിവയിൽ ലഭ്യമാണ്.
ക്രെഡിറ്റ് കാർഡിലെ മാറ്റങ്ങൾ
ആക്സിസ് ബാങ്ക്: ജൂൺ 20 മുതൽ ആക്സിസ് ബാങ്ക് അതിന്റെ റിവാർഡ്സ് ക്രെഡിറ്റ് കാർഡിൽ ഘട്ടം ഘട്ടമായി ക്രമീകരണങ്ങൾ അവതരിപ്പിക്കും. റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്ക് ശതമാനം, ലോഞ്ച് ആക്സസ്, ചില കാർഡുകളുടെ ചെലവ് വിഭാഗങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തും.
എച്ച്ഡിഎഫ്സി ബാങ്ക്: എച്ച്ഡിഎഫ്സി ബാങ്ക് ജൂൺ 10 മുതൽ ടാറ്റാ നെക്സ്റ്റ് ഇൻഫിനിറ്റി, ടാറ്റാ നെക്സ്റ്റ് പ്ലസ് ക്രെഡിറ്റ് കാർഡ് ഉടമകൾക്കുള്ള ലോഞ്ച് ആക്സസ് പോളിസി പരിഷ്കരിക്കും. പുതുക്കിയ നയം അനുസരിച്ച്, നേരിട്ടുള്ള കാർഡ് സൈ്വപ്പുകൾക്ക് പകരം ത്രൈമാസ ചെലവുകളെ അടിസ്ഥാനമാക്കി വൗച്ചറുകൾ വഴി ലോഞ്ച് ആക്സസ് അനുവദിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്: കൊട്ടക് മഹീന്ദ്ര ബാങ്ക് ജൂൺ 1 മുതൽ ക്രെഡിറ്റ് കാർഡ് ഫീസ് ഘടനയിൽ മാറ്റങ്ങൾ വരുത്തും. സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ നടക്കാതിരിക്കൽ, ഡൈനാമിക് കറൻസി കൺവേർഷനുമുള്ള പുതിയ ഫീസുകൾ ഈ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, വൈകിയുള്ള പേയ്മെന്റ് ഫീസുകൾ ഒഴിവാക്കാൻ എല്ലാ മാസവും അടയ്ക്കേണ്ട ഏറ്റവും ചെറിയ തുകയായ മിനിമം എമൗണ്ട് ഡ്യൂ നിർണ്ണയിക്കുന്നതിന് ബാങ്ക് ഒരു പുതിയ രീതി അവതരിപ്പിക്കും.
Content Highlight; financial changes from june 1st