
പാകിസ്താനിലെയും പാക് അധീന മേഖലയിലെയും ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ കൂപ്പുകുത്തി പാക് ഓഹരി വിപണി. കറാച്ചി-100 സൂചിക 6227 പോയിന്റ് ആണ് ഇടിഞ്ഞത്. കഴിഞ്ഞദിവസത്തെ ക്ലോസിങ് ആയ 1,13,568ല്‍ നിന്ന് 1,07,296 പോയിന്റ് ആണ് ഇടിഞ്ഞത്. ഏകദേശം ആറുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതാണ് പാകിസ്ഥാന്‍ ഓഹരി വിപണിയില്‍ ദൃശ്യമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം കെഎസ്ഇ-100 സൂചിക 3.7 ശതമാനം ഇടിഞ്ഞിരുന്നു. അതേസമയത്ത് ഇന്ത്യയുടെ സെന്‍സെക്സ് ഏകദേശം 1.5 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഏപ്രില്‍ 22 ന് പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കെഎസ്ഇ-100 സൂചിക ഏകദേശം 4 ശതമാനമാണ് ഇടിഞ്ഞത്. ഏപ്രില്‍ 23 നും മെയ് 5 നും ഇടയില്‍ ബെഞ്ച്മാര്‍ക്ക് കെഎസ്ഇ-100 സൂചിക 3.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
അതേസമയം ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് ചാഞ്ചാട്ടത്തിലാണ്. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്ക് അനുസരിച്ച് സെന്‍സെക്സ് 22 പോയിന്റ് മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.
Content Highlights: pakistan stock exchange crashes over 6200 points