'തങ്കം സാർ അവര്'; റെട്രോയുടെ ലാഭത്തിൽ നിന്ന് 10 കോടി അഗരം ഫൗണ്ടേഷന് നൽകി സൂര്യ

നിരവധി ആരാധകർ നടന്റെ ഈ പ്രവർത്തിയെ പ്രശംസിക്കുന്നുണ്ട്

dot image

പുതിയ ചിത്രമായ റെട്രോയുടെ ലാഭത്തിൽ നിന്ന് ഒരു വിഹിതം ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന് കെെമാറി നടൻ സൂര്യ. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളുടെ പഠനസഹായത്തിനായി 10 കോടി രൂപയാണ് നടൻ സംഭാവന നൽകിയത്. സൂര്യ, സംവിധായകൻ കാർത്തിക് സുബ്ബരാജ് എന്നിവർ ചേർന്ന് ചെക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

നിരവധി ആരാധകർ നടന്റെ ഈ പ്രവർത്തിയെ പ്രശംസിക്കുന്നുണ്ട്. 'മാൻ വിത്ത് ഗോൾഡൻ ഹാർട്ട്' എന്നാണ് ഒരു ആരാധകൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. സൂര്യയുടെ കൂടി നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് അഗരം ഫൗണ്ടേഷന്‍. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവസരം നല്‍കുന്നതിനായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

അതേസമയം റെട്രോ ഇതിനകം ആഗോളതലത്തിൽ 100 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. നിർമാതാക്കളായ 2 ഡി എന്റർടെയ്ൻമെന്റ്സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആറുദിവസം കൊണ്ടാണ് സിനിമയുടെ ഈ നേട്ടം.

സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

Content Highlights: Suriya Donated 10crs To Agaram Foundation From The Profits Of Retro

dot image
To advertise here,contact us
dot image