വിക്കറ്റിന് പിന്നിൽ തുടരുന്ന മഹേന്ദ്രജാലം; ഐപിഎല്ലിൽ പുതുചരിത്രം കുറിച്ച് ധോണി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ മത്സരത്തിലാണ് ധോണി പ്രധാന നാഴികക്കല്ല് പിന്നിട്ടത്

dot image

ഇന്ത്യൻ പ്രീമിയർ‌ ലീ​ഗിൽ‌ പുതുചരിത്രം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസനായകൻ എം എസ് ധോണി. ഐപിഎൽ ചരിത്രത്തിൽ 200 ഡിസ്മിസലുകൾ നടത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ധോണി സ്വന്തം പേരിലെഴുതിച്ചേർത്തത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ മത്സരത്തിലാണ് ധോണി പ്രധാന നാഴികക്കല്ല് പിന്നിട്ടത്.

ഈഡൻ ​ഗാർഡൻസിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആ​ദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയെ നിശ്ചിത ഓവറിൽ 179 റൺസിന് പിടിച്ചുകെട്ടാൻ ധോണിക്കും സംഘത്തിനും സാധിച്ചിരുന്നു. കൊൽക്കത്തയുടെ ആറ് വിക്കറ്റുകൾ വീണ മത്സരത്തിൽ ഒരു സ്റ്റമ്പിങ്ങും ഒരു ക്യാച്ചുമാണ് ധോണി സ്വന്തമാക്കിയത്. ഇതോടെ 153 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുമാണ് ധോണി ഐപിഎല്ലിൽ സ്വന്തമാക്കിയത്. 174 ഡിസ്മിസലുകൾ നടത്തിയ ദിനേശ് കാർത്തിക് ആണ് ധോണിക്ക് പിന്നിലുള്ളത്.

മത്സരത്തിൽ രണ്ട് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സ് വിജയം സ്വന്തമാക്കുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കെ എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. ബാറ്റിങ്ങിലും നിർണായക പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കാനും ക്യാപ്റ്റൻ ധോണിക്ക് സാധിച്ചു. ഡെവാള്‍ഡ് ബ്രെവിസിന്റെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയും (25 പന്തില്‍ 52) ധോണിയുടെ (17*) തകര്‍പ്പന്‍ ഫിനിഷിങ്ങുമാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്‌സര്‍ പറത്തി ധോണി ചെന്നൈയുടെ സമ്മര്‍ദ്ദം ഒഴിവാക്കുകയായിരുന്നു.

Content Highlights: MS Dhoni creates history, becomes first wicketkeeper in IPL history to achieve massive feat

dot image
To advertise here,contact us
dot image