ഓപ്പറേഷൻ സിന്ദൂർ: ജെയ്ഷെ തലവൻ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു

'ഓപ്പറേഷൻ സിന്ദൂർ' എന്നുപേരിട്ട സൈനിക നടപടിയിലൂടെയാണ് പാക് ഭീകര കേന്ദ്രങ്ങളെ ഇന്ത്യ തകർത്തത്

dot image

ന്യൂ ഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിൽ കൊടുംഭീകരൻ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. അസറിന്റെ സഹോദരിയും ഭർത്താവും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഭീകരരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടെന്നാണ് വിവരം.

'ഓപ്പറേഷൻ സിന്ദൂർ' എന്നുപേരിട്ട സൈനിക നടപടിയിലൂടെയായിരുന്നു പാക് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കത്തിലൂടെയായിരുന്നു ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ജെയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്.

ഒമ്പത് ഭീകരകേന്ദ്രങ്ങളെ ഒരേ സമയം അക്രമിക്കുകയായിരുന്നു ഇന്ത്യ. ശ്വാസം വിടാനുള്ള നൊടിയിട പോലും നൽകാതെ ഈ കേന്ദ്രങ്ങളെയെല്ലാം ഇന്ത്യ തരിപ്പണമാക്കി. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളായിരുന്നു ബഹാവൽപൂരും മുരിഡ്കെയും. ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനമാണ് ഇന്ത്യ തകർത്തത്. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും തകർത്തിരുന്നു.

കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുണ്ടായി.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഇത് പഹല്‍ഗാമിനുളള മറുപടിയാണെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി. വിങ് കമാൻഡർ വ്യോമിക സിംഗ്, വിദേശകാര്യ സെക്രട്ടറി വിവേക് മിസ്രി എന്നിവർക്കൊപ്പമാണ് സോഫിയ ഖുറേഷി മാധ്യമങ്ങളെ കണ്ടത്.

'പഹൽഗാം ഏറ്റവും നീചമായ ആക്രമണമായിരുന്നു. പോയിന്റ് ബ്ലാങ്കിൽ നിന്നാണ് ടൂറിസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ജമ്മു കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമായിരുന്നു അത്. പാകിസ്താനും പാകിസ്താനിൽ നിന്നെത്തിയ ഭീകരരും തന്നെയാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. പാകിസ്താൻ ഭീകരവാദികളുടെ സ്വർഗ്ഗമാണെന്നും ഓപ്പറേഷൻ സിന്ദൂർ പെഹൽഗാമിനുള്ള ശക്തമായ സന്ദേശമായിരുന്നു', വിവേക് മിസ്രി പറഞ്ഞു.

Content Highlights: mazood azhars family members killed

dot image
To advertise here,contact us
dot image