

ആഗോളവിപണിയില്‍ സ്വര്‍ണ വില കുതിച്ചുയരുമ്പോള്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇറാനില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതിന് പിന്നാലെ ഇന്നലെ ഞായറാഴ്ച ആയിട്ടുകൂടി വില കൂടിയിരുന്നു.അതുകൊണ്ടുതന്നെ ഇന്നും വില കൂടുതലായിരിക്കുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ജനുവരി 29 ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇപ്പോള്‍ നിലവിലുളള റെക്കോര്‍ഡ്. നിലവില്‍ ഏറ്റവും വലിയ സ്വര്‍ണഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന് ക്ഷാമം ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാന്‍, ഇസ്രയേല്‍ സംഘര്‍ഷം കനത്തതോടെ ഇറാന്‍, ഇസ്രയേല്‍, ഇറാഖ് , ജോര്‍ദാന്‍, ഖത്തര്‍, ബഹ്‌റിന്‍ , കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ വ്യാമാതിര്‍ത്തി അടച്ചിരിക്കുകയാണ്. ഇത് ചരക്ക് നീക്കത്തെ ബാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ക്ഷാമം രൂക്ഷമാകാന്‍ കാരണമാകും.

യുഎഇയില്‍ നിന്നും ഖത്തറില്‍നിന്നുമാണ് ഇന്ത്യ കൂടുതലായും സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം തുടങ്ങിയതോടെയാണ് സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുകയറ്റം ഉണ്ടായത്. വിപണിയില്‍ നിലവില്‍ ആശങ്ക ഉയര്‍ത്തുന്നത് ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവാണ്. ഡോളര്‍ നിരക്ക് ഉയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്.
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,24,520 രൂപയാണ് ഇന്നത്തെ വിപണിവില.ഗ്രാമിന് 15,565 രൂപയും. 300 രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്. പവന് 2400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 18 ഗ്രാം സ്വര്‍ണത്തിന് ഒരു പവന് 1,02,280 രൂപയും ഗ്രാമിന് 12,785 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 245 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഒരു ഗ്രാമിന് 310 രൂപയും 10 ഗ്രാമിന് 3,100 ആയിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 330 രൂപയും 10 ഗ്രാമിന് 3,300 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായിട്ട് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരുന്നത്. ഇന്നലെ അവധി ദിവസമായിട്ടുകൂടി കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവായിരുന്നു. വില ഒന്നേകാല്‍ ലക്ഷം കടന്ന ദിവസവും കൂടിയായിരുന്നു ഇന്നലെ. പവന് ഒറ്റയടിക്ക് 3,200 രൂപ വര്‍ധിച്ച് 1,26,920 രൂപയില്‍ എത്തിയിരുന്നു. ആഗോള വിപണിയില്‍ ഇന്ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന് 53,63 ഡോളറാണ്. ഡോളര്‍ സൂചിക 97.82 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം 91. 24 ആയി ഇടിഞ്ഞു. ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 1.33 ലക്ഷം രൂപ ചെലവ് വരും.
Content Highlights :Gold prices in Kerala fell today as global gold prices surged