നോമിനിക്ക് ആശ്വാസം; ലോകത്ത് എവിടെയിരുന്നും 15 ദിവസത്തിനുള്ളില്‍ ആസ്തി കൈമാറ്റം തീര്‍പ്പാക്കാം

അക്കൗണ്ട് ഉടമ മരണപ്പെടുമ്പോള്‍ കുടുംബാംഗങ്ങള്‍ നേരിടുന്ന മാനസിക വിഷമങ്ങള്‍ക്കും സാങ്കേതിക തടസ്സങ്ങള്‍ക്കും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം

നോമിനിക്ക് ആശ്വാസം; ലോകത്ത് എവിടെയിരുന്നും 15 ദിവസത്തിനുള്ളില്‍ ആസ്തി കൈമാറ്റം തീര്‍പ്പാക്കാം
dot image

അക്കൗണ്ട് ഉടമയുടെ മരണശേഷം നോമിനികള്‍ക്കും നിയമപരമായ അവകാശികള്‍ക്കും മരണാനന്തര ക്ലെയിമുകള്‍ ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. ഇനി മുതല്‍ ക്ലെയിമുകള്‍ക്കായി ബാങ്ക് ശാഖകളില്‍ നേരിട്ടെത്താതെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാവും. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലിന് ബാങ്ക് തുടക്കമിട്ടു.

Online banking

അക്കൗണ്ട് ഉടമ മരണപ്പെടുമ്പോള്‍ കുടുംബാംഗങ്ങള്‍ നേരിടുന്ന മാനസിക വിഷമങ്ങള്‍ക്കും സാങ്കേതിക തടസ്സങ്ങള്‍ക്കും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സേവിംഗ്‌സ് അക്കൗണ്ടുകള്‍, സ്ഥിരനിക്ഷേപങ്ങള്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയുടെ കൈമാറ്റം ഇത്തരത്തില്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാനാവും.

പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ബാങ്കിന്റെ ഈ നടപടി ആശ്വാസമാകും. പുതിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലോകത്തിന്റെ ഏത് കോണിലിരുന്നും അവകാശികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ബാങ്ക് ശാഖകളില്‍ ക്യൂ നില്‍ക്കുന്നതും രേഖകളുമായി പലതവണ കയറിയിറങ്ങുന്നതും ഒഴിവാക്കാന്‍ ഡിജിറ്റല്‍ സംവിധാനം സഹായിക്കും. 15 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകള്‍ക്ക് ഇനി മൂന്നാം കക്ഷി ജാമ്യം ആവശ്യമില്ല. മാത്രമല്ല, അപേക്ഷകള്‍ 15 ദിവസത്തിനുള്ളില്‍ തന്നെ തീര്‍പ്പാക്കുമെന്ന് ബാങ്ക് ഉറപ്പുനല്‍കുന്നുമുണ്ട്. ക്ലെയിമിന്റെ തല്‍സ്ഥിതി ഓണ്‍ലൈനിലൂടെ തന്നെ നോക്കാനാവും. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ബാങ്കിന്റെ ഈ പുതിയ നടപടി. ഇത് പ്രായമായവര്‍ക്കും ദൂരസ്ഥലങ്ങളില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വലിയ ആശ്വാസമാകുമെന്ന് ഐഒബി അറിയിച്ചു.

ഐഒബിയുടെ ഔദ്യോഗിക മരണാനന്തര ക്ലെയിം ലഭിക്കുന്നതിന് പോര്‍ട്ടല്‍ സന്ദര്‍ശിച്ചാല്‍ മതിയാവും. പോര്‍ട്ടലിലെ 'ന്യൂ ക്ലെയിം' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം വിവരങ്ങള്‍ നല്‍കാം. മരിച്ച വ്യക്തിയുടെ അക്കൗണ്ടില്‍ നോമിനിയെ നേരത്തെ ആഡ് ചെയ്തിരുന്നോ എന്നും നല്‍കണം. തുടര്‍ന്ന് അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍, ആധാര്‍ വിവരങ്ങള്‍, മറ്റ് രേഖകള്‍ എന്നിവ നല്‍കണം. മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ആവശ്യമായ അനുബന്ധ രേഖകളാണ് നല്‍കേണ്ടത്. അപേക്ഷ പൂര്‍ത്തിയായാല്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് ക്ലെയിമിന്റെ നില എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനായി പരിശോധിക്കാം.

banking

2025 സെപ്റ്റംബറില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ബാങ്ക് സ്റ്റാന്‍ഡേര്‍ഡ് നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. മരണമടഞ്ഞ ഉപഭോക്താക്കളുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനുള്ള രീതികള്‍ ഏകീകരിക്കാനും 2026 മാര്‍ച്ച് 31-നകം പുതുക്കിയ ചട്ടക്കൂട് നടപ്പിലാക്കാനും റിസര്‍വ് ബാങ്ക്, എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: IOB unveils online death claim settlement portal

dot image
To advertise here,contact us
dot image