

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. കൊല്ലം കളിയിക്കല്‍ കടപ്പുറം പാപനാശം അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നു. കുട്ടികള്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിയതിന് ശേഷമാണ് മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നത്. കടലില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
കണ്ണൂരിലും മതിലിടിഞ്ഞ് വീണ് അപകടമുണ്ടായി. പ്രാപ്പൊയിലാണ് വീട്ടിലേക്ക് മതില്‍ ഇടിഞ്ഞുവീണത്. മുത്തുവയലില്‍ ഷാജിമോന്റെ വീട്ടിലേക്ക് അയല്‍വാസിയുടെ പറമ്പില്‍ മണ്ണിട്ട് കെട്ടിയ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഷാജിമോന്റെ വീട്ടിലെ കിണറും ഭാഗികമായി തകര്‍ന്നു. മതില്‍ ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാനത്ത് ജൂണ്‍ നാലോടെ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം 14 ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. മറ്റ് 11 ജില്ലകളിലും യെല്ലോ അലേര്‍ട്ടും. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.
Content Highlights: Strong winds and rain in various parts of the state; Anganwadi roof collapses in Kollam