ഇന്ത്യ ഇനിയും വളരും, രൂപയുടെ മൂല്യമിടിഞ്ഞത് ആശങ്ക, പണപ്പെരുപ്പത്തെ മെരുക്കാനായത് നേട്ടം

2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.4% ആയിരിക്കുമെന്ന് സര്‍വ്വേ പ്രവചനം

ഇന്ത്യ ഇനിയും വളരും, രൂപയുടെ മൂല്യമിടിഞ്ഞത് ആശങ്ക, പണപ്പെരുപ്പത്തെ മെരുക്കാനായത് നേട്ടം
dot image

2026 ജനുവരി 29 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക സര്‍വ്വേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.4% ആയിരിക്കുമെന്നും 2027 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.8% മുതല്‍ 7.2% വരെയായിരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

indian economy

സാമ്പത്തിക അവലോകനം

അമേരിക്കന്‍ പ്രെസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ച താരിഫ് പ്രതിസന്ധികള്‍ക്കും, മറ്റു ആഗോള അനിശ്ചിതത്വങ്ങളും നിലനില്‍ക്കവെയാണ് ഇന്ത്യ, 2026 ലെ സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നത്. ശക്തമായ ആഭ്യന്തര ഡിമാന്‍ഡ്, നിയന്ത്രണവിധേയമായ പണപ്പെരുപ്പം, മൂലധന ചെലവിലും ഘടനാപരമായ പരിഷ്‌കാരങ്ങളിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയെല്ലാം വളര്‍ച്ചക്ക് കരുത്തേകി.

2026 സാമ്പത്തിക വര്‍ഷത്തില്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.4% ആയി കണക്കാക്കുന്നു. ഇത് തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്ത്യയെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 4.4% എന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് കേന്ദ്രം. 2025 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ സിപിഐ പണപ്പെരുപ്പം 1.7% ആയി കുറഞ്ഞു. ഫോറെക്‌സ് കരുതല്‍ ശേഖരം 11 മാസത്തില്‍ കൂടുതല്‍ ഇറക്കുമതിക്ക് ആവശ്യമായത് ഉണ്ട്. കൂടാതെ കറന്റ് അക്കൗണ്ട് കമ്മി മിതമായി തുടരുകയാണ്. എന്നാല്‍ 2025 ല്‍ രൂപയുടെ മൂല്യം കുത്തനെ താഴ്ന്നിരുന്നു. അമേരിക്കന്‍ ഡോളറിനെതിരെ ആറ് ശതമാനത്തോളം രൂപ ഇടിഞ്ഞതും സാമ്പത്തിക സര്‍വേയില്‍ ഒരു ആശങ്കയായുണ്ട്.

ഇന്ത്യ നേരിടേണ്ട പ്രതിസന്ധികള്‍

2026 ലെ സാമ്പത്തിക സര്‍വേ നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടുന്നു. ദുര്‍ബലമായ ആഗോള സാമ്പത്തിക അന്തരീക്ഷം, തുടര്‍ച്ചയായ ആഭ്യന്തര ഘടനാപരമായ പരിഷ്‌കാരങ്ങളുടെ ആവശ്യകത, നൈപുണ്യ വിടവുകള്‍, പൊതുജനാരോഗ്യ ആശങ്കകള്‍ തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇന്ത്യക്ക് നേരിടേണ്ടി വരും. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വ്യാപാര പ്രശ്‌നങ്ങള്‍, സാമ്പത്തിക അസ്ഥിരത തുടങ്ങിയ ആഗോള പ്രതിസന്ധികള്‍ക്കിടയിലും, തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുന്നു എന്നത് സാമ്പത്തിക സര്‍വ്വേ പ്രത്യേകം പരാമര്‍ശിക്കുന്നു.

economic survey

ഇന്ത്യന്‍ കാര്‍ഷിക മേഖല വളരുന്നുണ്ടെങ്കിലും, പല തരത്തിലുള്ള തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് സര്‍വേ എടുത്തുകാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ഉല്‍പാദനക്ഷമത, കാര്യക്ഷമമല്ലാത്ത വള ഉപയോഗം, സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സാങ്കേതികവിദ്യയുടെ പരിമിതമായ ഉപയോഗം എന്നിവയെല്ലാം ഇതില്‍പ്പെടുന്നു.

റീട്ടെയില്‍ പണപ്പെരുപ്പം 2025 സാമ്പത്തിക വര്‍ഷത്തിലെ 4.9%ല്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ 1.7% ആയി കുറഞ്ഞുവെന്ന് സാമ്പത്തിക സര്‍വ്വേ കാണിക്കുന്നു. ഉത്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതിയുടെ പിന്തുണയോടെ, 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ നിര്‍മ്മാണ മൊത്ത മൂല്യവര്‍ദ്ധന ശക്തമായ വളര്‍ച്ച കൈവരിച്ച് 9.13% ആയി.

തൊഴില്‍ സാഹചര്യങ്ങളിലെ പുരോഗതിയും സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തത്തില്‍ കുത്തനെയുണ്ടായ വര്‍ധനവും സര്‍വേ ചൂണ്ടിക്കാട്ടി. ജിഡിപി വളര്‍ച്ച കൂടുന്നതിനുള്ള സാധ്യതയാണ് സാമ്പത്തിക സര്‍വ്വേ ചൂണ്ടി കാണിക്കുന്നത്. എന്നാല്‍ ധനകമ്മി ഇതോടൊപ്പം കുറയാന്‍ സാധ്യതയുണ്ട്. നികുതി വരുമാനവും കൂടുമെന്ന സൂചന സാമ്പത്തിക സര്‍വ്വേ പങ്കുവെക്കുന്നു.

റീഫോം എക്‌സ്പ്രസ്സ്

വളര്‍ച്ച, നിര്‍മ്മിതബുദ്ധി, തൊഴില്‍, പണപ്പെരുപ്പം, തൊഴിലവസരങ്ങള്‍ എന്നിവയാണ് സാമ്പത്തിക സര്‍വേയില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട അഞ്ച് പദങ്ങള്‍. സര്‍ക്കാരിന്റെ മുന്‍ഗണന ഇവയ്ക്കാണെന്ന് വേണം മനസ്സിലാക്കാന്‍. ഉദാഹരണത്തിന് 'വളര്‍ച്ച' എന്ന വാക്ക് 889 തവണ ഉപയോഗിച്ചിട്ടുണ്ട്.

സാമ്പത്തിക സര്‍വേ അവതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് 'പരിഷ്‌കരണം, പ്രകടനം' (റീഫോം, പെര്‍ഫോം) എന്ന സന്ദേശമാണ് നല്‍കിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. ഇന്ത്യ 'പരിഷ്‌കരണ എക്‌സ്പ്രസ്' പാതയില്‍ ആണെന്ന് പ്രഖ്യാപിച്ചു.

Content Highlights: Economic Survey has projected that India’s GDP growth will be 7.4% in the financial year 2026

dot image
To advertise here,contact us
dot image