ഹല്‍വാ മുറിക്കലും കേന്ദ്ര ബജറ്റും തമ്മില്‍

മധുരം വിതരണം ചെയ്ത് ശുഭകരമായ കാര്യം ആരംഭിക്കുകയെന്ന ആശയത്തില്‍ നിന്നാണ് ബജറ്റ് അച്ചടിക്കുന്നതിനു മുന്നോടിയായി ഹല്‍വ വിളമ്പുന്നത്

ഹല്‍വാ മുറിക്കലും കേന്ദ്ര ബജറ്റും തമ്മില്‍
dot image

കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് രസകരമായൊരു ചടങ്ങാണ് ഹല്‍വാ സെറിമണി. ബജറ്റ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ധനകാര്യ മന്ത്രാലയം ദീര്‍ഘകാലമായി തുടര്‍ന്നു വരുന്നൊരു ചടങ്ങാണിത്. അതായത്, ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി, ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഹല്‍വ വിതരണം ചെയ്യും. മധുരം വിതരണം ചെയ്ത് ശുഭകരമായ കാര്യം ആരംഭിക്കുകയെന്ന ആശയത്തില്‍ നിന്നാണ് ബജറ്റ് അച്ചടിക്കുന്നതിനു മുന്നോടിയായി ഹല്‍വ വിളമ്പുന്നത്. എല്ലാ ബജറ്റ് രേഖകളുടെയും പ്രിന്റിങ് ആരംഭിക്കുന്നത് ഈ ഹല്‍വ ചടങ്ങിന് ശേഷമാണ്.

karthavya bhavan

ധനമന്ത്രിയും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബജറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള മറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുക്കും. നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിന്റെ ആസ്ഥാനത്തുള്ള പ്രത്യേക ബജറ്റ് പ്രസിലാണ് ഈ ചടങ്ങ് സംഘടിപ്പിക്കുക.

ഹല്‍വ ചടങ്ങിന് ശേഷം, കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിലും അന്തിമരൂപം നല്‍കുന്നതിലും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഏകദേശം 70 ഓളം ഉദ്യോഗസ്ഥര്‍ ലോക്ക്-ഇന്‍ കാലയളവില്‍ പ്രവേശിക്കും. ഈ ഘട്ടത്തില്‍, ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതുവരെ പുറംലോകവുമായുള്ള എല്ലാ ആശയവിനിമയങ്ങളില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കണം. നികുതി നിര്‍ദ്ദേശങ്ങള്‍, ചെലവ് വിഹിതങ്ങള്‍, നയ നടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യത്തിന്റെ സാമ്പത്തിക വിവരങ്ങളുടെ ചോര്‍ച്ച തടയാനാണ് ഈ നടപടി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബജറ്റ് ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയതിനാല്‍ ലോക്ക്-ഇന്‍ കാലയളവ് ചുരുക്കിയിട്ടുണ്ട്. മുന്‍കാലങ്ങളിലേതിന് സമാനമായി വന്‍തോതില്‍ ബജറ്റ് അച്ചടിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. എങ്കിലും, ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ആര്‍ക്കൈവ് ആവശ്യങ്ങള്‍ക്കുമായി നൂറുകണക്കിന് ഹാര്‍ഡ് കോപ്പികള്‍ ഇപ്പോഴും അച്ചടിക്കുന്നു.

ബജറ്റ് പ്രസംഗം പൂര്‍ത്തിയാകുന്നത് വരെ ഇതില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ മന്ത്രാലയത്തിനുള്ളില്‍ തന്നെ തുടരും. അതിനു ശേഷം മാത്രമേ വീട്ടിലേക്ക് പോകാന്‍ അനുവാദമുള്ളൂ.

nirmala sitharaman

കഴിഞ്ഞ വര്‍ഷം ധനകാര്യ മന്ത്രാലയം കര്‍ത്തവ്യ ഭവനിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റിയെങ്കിലും, പുതിയ സ്ഥലത്തെ പരിമിതികള്‍ കാരണം കേന്ദ്ര ബജറ്റ് നോര്‍ത്ത് ബ്ലോക്ക് പ്രസ്സില്‍ തന്നെയാണ് അച്ചടിക്കുക. കര്‍ത്തവ്യ ഭവനില്‍ പുതിയ മെഷീനുകള്‍ സ്ഥാപിക്കുകയും പരീക്ഷണങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, സമയബന്ധിതവും രഹസ്യ രീതിയിലുള്ളതുമായ അച്ചടി ഉറപ്പാക്കാന്‍ നോര്‍ത്ത് ബ്ലോക്ക് പ്രസ് തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്.


ഹല്‍വ ചടങ്ങോടെ, ബജറ്റ് പ്രക്രിയ ഔദ്യോഗികമായി അതിന്റെ സമാപന ഘട്ടത്തിലേക്ക് നീങ്ങും. ഫെബ്രുവരി 1 ന് പാര്‍ലമെന്റില്‍ ധനമന്ത്രിയുടെ കേന്ദ്ര ബജറ്റ് അവതരണത്തിന് വേദിയൊരുങ്ങും.

Content Highlights:

dot image
To advertise here,contact us
dot image