

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓരോ ദിവസവും ലോകത്തെ ഞെട്ടിക്കുകയാണ് പലവിധത്തിൽ. മെയ്ക്ക് അമേരിക്ക ഗ്രേറ്റ്എ ഗൈൻ എന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായി ഒട്ടനവധി പദ്ധതികൾ അദ്ദേഹം നടപ്പാക്കുന്നുമുണ്ട്. ആഗോളതലത്തിൽ പല വിവാദങ്ങളും സൃഷ്ടിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും രാജ്യത്തെ പൗരന്മാർക്ക് മുൻഗണന നൽകുക എന്ന ഒറ്റ കാര്യത്തിലാണ് ട്രംപ് പിടിച്ചുനിൽക്കുന്നത്. നിലവിൽ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ് മേഖലകളിലെ രാജ്യങ്ങൾക്കാണ് അമേരിക്ക താൽക്കാലിക കുടിയേറ്റ വിസ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ്, സൊമാലിയ, റഷ്യ, ഇറാൻ, അഫ്‌ഗാനിസ്ഥാൻ, ബ്രസീൽ, നൈജീരിയ, തായ്‌ലാൻഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

യുഎസിൽ സ്ഥിരതാമസത്തിനും ജോലിചെയ്യുന്നതിനുമായ അപേക്ഷിക്കുന്നവർക്കാണ് നിയന്ത്രണം ബാധകമാകുന്നത്. ടൂറിസ്റ്റ്, ബിസിനസ്, താൽക്കാലിക ജോലി വിസകൾക്ക് ഇത് ബാധകമല്ല.അങ്ങനെ 75 രാജ്യങ്ങൾക്ക് കുടിയേറ്റ വിസ വിലക്കേർപ്പെടുത്തിയ ട്രംപിന്റെ നടപടി ഈ ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നടപടികൾ ഡോണൾഡ് ട്രംപ് കൈക്കൊള്ളുന്നത്. എന്നാൽ ഇപ്പോൾ “ഊർവ്വശി ശാപം ഉപകാരമായി” എന്നോണം 75 രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ യുഎസ് വിസ നിരോധനം ഇന്ത്യക്ക് മുന്നിൽ വലിയ അവസരങ്ങൾ സൃഷ്ടിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് പരിശോധിക്കാം.
വിദേശ പൗരന്മാർക്ക് അമേരിക്കയിൽ ഔദ്യോഗികമായി പെർമനന്റ് റെസിഡൻസ് നൽകുന്നതാണ് ഈ പറയുന്ന ഗ്രീൻ കാർഡ്.നിലവിൽ ഉപയോഗിക്കാത്ത ഫാമിലി -ബേസ്ഡ് ക്വാട്ടകൾ അടുത്ത വർഷം ലഭ്യമാകുന്നത് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ രീതിയിൽ ഗുണം ചെയ്യും എന്നതിൽ സംശയമില്ല. യുഎസ് ഇമിഗ്രേഷൻ നിയമപ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ ഉപയോഗിക്കാത്ത “ഫാമിലി -സ്‌പോൺസേർഡ് കാർഡ് ക്വാട്ടകൾ അടുത്ത വർഷം എംപ്ലോയ്‌മെന്റ് -ബേസ്ഡ് ലേക്ക് മാറും.വിസയ്ക്ക് മേൽ നിരോധനം നിലവിൽ തുടരുന്നതിനാൽ ഏകദേശം 50,000 എണ്ണം ഇപ്പോൾ ഉപയോഗിക്കപ്പെടാതെ പോകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. നിരോധിക്കപ്പെട്ട 75 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ലെങ്കിലും, ബാക്ക്‌ലോഗ് ചെയ്ത EB-2, EB-3 വിഭാഗങ്ങളിലെ ഇന്ത്യൻ അപേക്ഷകരായിരിക്കും നിലവിലെ ഗ്രീൻ കാർഡുകളുടെ ഗുണഭോക്താക്കൾ എന്ന് പ്രതീക്ഷിക്കുന്നു.
EB-2 കാറ്റഗറിയിൽ വരുന്നത് മാസ്റ്റർസ് ഡിഗ്രി, പിഎച്ഡി അല്ലെങ്കിൽ ബാച്‌ലർസ്+ 5 വർഷത്തെ പ്രൊഫഷണൽ എക്സ്പീരിയൻസ് ആണ്. EB-3 എന്നാൽ സ്‌കിൽഡ് / പ്രൊഫഷണൽ / മറ്റ് ജോലികൾ ചെയ്യുന്നവരുമാണ്.കോവിഡ് -19 പാൻഡെമിക് സമയത്ത് സമാനമായ ഒരു സ്പിൽ ഓവർ എഫക്ട് ഉണ്ടായിട്ടുണ്ട്. 2026 സെപ്റ്റംബർ 30 വരെ താൽക്കാലികമായി നിർത്തിവച്ചാൽ, തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡുകളുടെ വാർഷിക പരിധി 2027 സാമ്പത്തിക വർഷത്തിൽ 140,000 ൽ നിന്ന് ഏകദേശം 190,000 ആയി ഉയരും. ഇത് നിലവിലെ സാമ്പത്തിക വർഷാവസാനം (സെപ്റ്റംബർ 2026) വരെ പ്രാബല്യത്തിൽ തുടരുന്ന വിസ താൽക്കാലികമായി നിർത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിന് മുൻപ് നയം പഴയപടിയാക്കുകയോ മാറ്റുകയോ ചെയ്താൽ, അധിക ഗ്രീൻ കാർഡുകളുടെ എണ്ണം കുറവായിരിക്കാം.

ഇന്ത്യയ്ക്ക് വലിയ ആശ്വാസം ലഭിക്കാത്തത് എന്തുകൊണ്ട്?
നിലവിൽ രണ്ട് തരം ലിമിറ്റസ് ആണ് യുഎസ് എംപ്ലോയ്‌മെന്റ് -ബേസ്ഡ് (EB) ഗ്രീൻ കാർഡ്‌സിൽ ഉള്ളത്. അതിൽ ആദ്യത്തേത്, ഓരോ വർഷവും നൽകാവുന്ന തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡുകളുടെ ആകെ എണ്ണം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സാധാരണയായി ഏകദേശം 140,000 കാർഡുകളാണ് നൽകാറുള്ളത്. ഇതിനെയാണ് Global Quota എന്ന് പറയുന്നത്.രണ്ടാമത്തേത്, യുഎസ് ഇമ്മിഗ്രേഷൻ ലോ പ്രകാരം ഗ്ലോബൽ കോട്ടയിൽ ഓരോ രാജ്യത്തിനും ഏകദേശം 7% ൽ കൂടുതൽ വിസകൾ എടുക്കാൻ കഴിയില്ല.അതുകൊണ്ട് മറ്റ് 75 രാജ്യങ്ങൾക്കുള്ള ഇമ്മിഗ്രന്റ് വിസ ഉപയോഗിച്ചിട്ടില്ലെങ്കിലും, ഇന്ത്യൻ പൗരന്മാർക്ക് കൂടുതൽ വിസ അപേക്ഷിക്കാൻ കഴിയില്ല. അതിനു പരിധി ഉണ്ടെന്ന് ചുരുക്കം. എന്നാൽ ഗ്രീൻ കാർഡുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായാലും, ഇന്ത്യൻ അപേക്ഷകരുടെ മുൻഗണനാ തീയതികൾ വേഗത്തിൽ പുരോഗമിക്കുന്നതിലേക്ക് നയിക്കില്ലെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.
മറ്റൊരു കാരണം റെട്രോഗറേഷൻ ആണ്. അതായത്, വിസയുടെ ഡിമാൻഡ് വർധിക്കുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ് ആൻഡ് ഇമ്മിഗ്രേഷൻ സെർവിസ്സ് അപേക്ഷകരുടെ ബാക്ക് ലോഗ് വളരെ വലുതാണ്. ലഭിക്കുന്ന അപേക്ഷകൾ വളരെ അധികമാണ്. ഈ കൺട്രി ക്യാപ് കാരണം തന്നെ ഇന്ത്യൻ ആപ്ലിക്കേൻസിന്റെ പ്രിയോറിറ്റി ഡേറ്റുകൾ വളരെ ഇഴഞ്ഞാണ് നീങ്ങുന്നത്. ബാക്ക്ലോഗ് കാരണവും കോട്ട കർശനമായിട്ടുള്ളതും കാരണം തന്നെ ഗ്രീൻ കാർഡ് ലഭിക്കാൻ ഏറെ കാലതാമസം നേരിടേണ്ടി വരും. ചുരുക്കത്തിൽ, ഇന്ത്യൻ അപേക്ഷകരുടെ ഗ്രീൻ കാർഡ് കാത്തിരിപ്പ് തുടരും എന്ന് വേണം മനസിലാക്കാൻ.
Content highlights : US Visa Ban on 75 Countries May Release 50,000 Extra Green Cards—Opportunity for Indians